‘മിമിക്രി അത്ര എളുപ്പമല്ല..’ ടേപ് വ്യാജമെന്ന ബി.ജെ.പി ആരോപണത്തിനെതിരെ കുമാരസ്വാമി
കർണാടകയിലെ സഖ്യകക്ഷി സർക്കാരിനെ താഴെയിറക്കാൻ സഹായിച്ചാല്‍ വന്‍തുക നല്‍കാമെന്നാണ് ജെ.ഡി.യു എം.എൽ.എയായ നാഗനഗൌഡയുടെ മകന്‍ ശരനുമായുള്ള യെദിയൂരപ്പയുടേതെന്ന് പറയുന്ന ശബ്ദരേഖയിലെ...
ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പയും ജനതാദള്‍ എം.എല്‍.എയുടെ മകനും തമ്മിലുള്ള ഓഡിയോ ടേപ് വ്യാജമാണെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഒരാളുടെ ശബ്ദം അനുകരിക്കുക അത്ര എളുപ്പമല്ലെന്നും സംശയമുള്ളവര്‍ അന്വേഷണം നടത്തട്ടെയെന്നും കുമാരസ്വാമി പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം.
''ഒരാളുടെ ശബ്ദം അനുകരിക്കുക അത്ര എളുപ്പമല്ല. കേള്‍ക്കുന്ന ആര്‍ക്കും മനസിലാകും അതെന്താണെന്ന്. ടേപ്പുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്. സംശയമുള്ളവര്‍ പ്രധാനമന്ത്രിയോട് അന്വേഷണത്തിന് ഉത്തരവിടാന്‍ ആവശ്യപ്പെടട്ടെ. സത്യമെന്തായാലും പുറത്തുവരുമല്ലോ.'' കുമാരസ്വാമി വ്യക്തമാക്കി.
''രാജ്യത്തെ ബ്ലാക്ക് മണി തുടച്ചുമാറ്റാനാണ് നോട്ടു നിരോധനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. പക്ഷേ ഞങ്ങളുടെ ഓരോ എം.എല്‍.എമാര്‍ക്കും 40-50ലക്ഷത്തോളം രൂപ വീതമാണ് അവര്‍ വാഗ്ദാനം ചെയ്തത്. എവിടെ നിന്നാണ് ഈപണം വരുന്നത്..? ഇത് ബ്ലാക്കോ വൈറ്റോ..? എങ്കില്‍ പിന്നെ നോട്ടു നിരോധനം എന്തിനായിരുന്നു..?'' കുമാരസ്വാമി വിമര്‍ശിച്ചു.
കർണാടകയിലെ സഖ്യകക്ഷി സർക്കാരിനെ താഴെയിറക്കാൻ സഹായിച്ചാല്‍ വന്‍തുക നല്‍കാമെന്നാണ് ജെ.ഡി.യു എം.എൽ.എയായ നാഗനഗൌഡയുടെ മകന്‍ ശരനുമായുള്ള യെദിയൂരപ്പയുടേതെന്ന് പറയുന്ന ശബ്ദരേഖയിലെ വാഗ്ദാനം. എന്നാല്‍ ഓഡിയോ ടേപ് പുറത്തുവന്നതിന് പിന്നാലെ പത്രസമ്മേളനം നടത്തിയ യെദിയൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
Adjust Story Font
16