Quantcast

രാഷ്ട്രീയം പറഞ്ഞ് തൂത്തുക്കുടിയും കന്യാകുമാരിയും

തമിഴ്നാട്ടിലെ 38 ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70.9 ശതമാനമാണ് പോളിങ്. തൂത്തുക്കുടി, കന്യാകുമാരി മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മീഡിയവണ്‍ പ്രതിനിധി സുബിന്‍ ബാലന്‍ തയ്യാറാക്കിയ ഫോട്ടോ സ്റ്റോറി

MediaOne Logo

സുബിൻ ബാലൻ

  • Published:

    19 April 2019 5:16 AM GMT

രാഷ്ട്രീയം പറഞ്ഞ് തൂത്തുക്കുടിയും കന്യാകുമാരിയും
X

ഡി.എം.കെയുടെ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനുമാണ് തൂത്തുക്കുടിയിലെ പ്രധാന സ്ഥാനാര്‍ഥികള്‍. സ്റ്റൈര്‍ലൈറ്റ് വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ വെടിവെപ്പും തൂത്തുക്കുടിയുടെ മനസില്‍ നിന്നും മായാനുള്ള സമയമായിട്ടില്ല. തൂത്തുക്കുടിയുടെ തെരഞ്ഞെടുപ്പ് വിധിയില്‍ ആ സമരത്തിന്റെ ഓര്‍മ്മകള്‍ നിര്‍ണ്ണായകമായേക്കും.

തമിഴ്‌നാട്ടില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് കന്യാകുമാരി. ബി.ജെ.പി കേന്ദ്രമന്ത്രിയും സിറ്റിംങ് എം.പിയുമായ പൊന്‍ രാധാകൃഷ്ണനെയാണ് ഇറക്കിയിരിക്കുന്നതെങ്കില്‍ എച്ച് വസന്തകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ബി.ജെ.പിയും കോണ്‍ഗ്രസും എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും സി.പി.എമ്മും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിരുന്നു. എന്നാലിത്തവണ മുന്നണിയായി മത്സരിക്കുന്നത് ഡി.എം.കെയുടേയും കോണ്‍ഗ്രസിന്റേയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

തൂത്തുക്കുടി സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വോട്ടു ചെയ്യാനെത്തുന്ന വൃദ്ധയെ സഹായിക്കുന്ന വിദ്യാര്‍ഥികള്‍
തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തില്‍ തെങ്കുവീരപാണ്ഡ്യപുരം പഞ്ചായത്ത് സ്കൂളിന് മുന്നില്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നവര്‍.
സെന്‍റ് മേരീസ് സ്കൂളിന് മുന്നില്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്ന വോട്ടര്‍മാര്‍, തിരിച്ചറിയല്‍ കാര്‍ഡുമായി
തൂത്തുക്കുടി സ്റ്റൈര്‍ലൈറ്റ് കമ്പനിയോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ തങ്കരാജ്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന തൂത്തുക്കുടിക്കാര്‍ക്കെല്ലാം സ്റ്റെര്‍ലൈറ്റ് സമരവും വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരെയും ഓര്‍മ്മയുണ്ടാകുമെന്നും തങ്കരാജ്(ഇടത്തു നിന്നു മൂന്നാമത്) പറഞ്ഞു.
ലോഹ ഖനനം നടത്തുന്ന വേദാന്ത റിസോഴ്സസ് എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് സ്റ്റെർലൈറ്റ് കോപ്പർ. പ്ലാന്‍‌റ് കാരണം മലിനീകരണം രൂക്ഷമായതോടെ പ്രദേശവാസികള്‍ സമരം തുടങ്ങി. 2018 മേയ് 22ന് പൊലീസ് വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
തൂത്തുക്കുടിയില്‍ വോട്ട് ചെയ്യാനെത്തിയ മയില്‍ രാജ്. കൊല്ലം സ്വദേശിയായ മയില്‍ രാജ് രണ്ട് വര്‍ഷമായിട്ടേയുള്ളൂ തൂത്തുക്കുടിയിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ട്. ഇത് മയില്‍രാജിന്‍റെ തമിഴ്നാട്ടിലെ ആദ്യ വോട്ട്
കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ലക്ഷ്മിപുരത്ത് കണ്ടുമുട്ടിയ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ കെ.കെ കുമാരി മുത്തുലിംഗം. തീരദേശത്തെ ക്രിസ്ത്യന്‍ മത്സ്യതൊഴിലാളികളുടെ വോട്ടുകള്‍ ടി.ടി.വി ദിനകരന്‍റെ പാര്‍ട്ടി പിടിച്ചാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പൊന്‍ രാധാകൃഷ്ണന്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് മുത്തു ലിംഗം കണക്കുകൂട്ടുന്നു
കന്യാകുമാരിയിലെ തീരമേഖലയിലെ സ്കൂളിലെ വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുകയാണ് ആന്‍സല്‍(കണ്ണടവെച്ചയാള്‍). “മോദി വീണ്ടും വരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇവിടുത്തെ ബൂത്തിലെ ആകെയുള്ള 1457 വോട്ടില്‍ ഭൂരിഭാഗവും പൊന്‍ രാധാകൃഷ്ണനല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാറിനുള്ളതായിരിക്കും” പാര്‍ട്ടിഭേദമില്ലാതെ വോട്ടര്‍മാരെ സഹായിക്കാന്‍ ഇരിക്കുന്ന ആന്‍സലും കൂട്ടരും പറയുന്നു.
“ഓഖി ചുഴലിക്കാറ്റ് വന്നപ്പൊ എത്ര മത്സ്യതൊഴിലാളി മക്കള്‍ക്ക് ജീവന്‍ നഷ്ടമായി. അപ്പോഴൊന്നും പൊന്‍ രാധാകൃഷ്ണനെ കണ്ടിട്ടേയില്ല. ജാതിയുടേയും മതത്തിന്‍റേയും പേരില്‍ മക്കളെ പിരിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ് ബി.ജെ.പിയും മോദിയും ശ്രമിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് ഞങ്ങളിലാരുടേയും വോട്ടില്ല” കന്യാകുമാരിയിലെ മത്സ്യതൊഴിലാളി ആന്തോണി അമ്മ തുറന്നടിച്ചു.
കന്യാകുമാരിയിലെ തക്കലൈ സര്‍ക്കാര്‍ സ്കൂളിന് മുന്നില്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുന്നവര്‍
TAGS :

Next Story