ഒരു തൃണമൂല്‍ എം.എല്‍.എ കൂടി ബി.ജെ.പിയിലെത്തി
മുനീറുൽ ഇസ്ലാം എം.എല്‍.എ ആണ് ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക്. മുനീറുൽ ഇസ്ലാം എം.എല്‍.എ ആണ് ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ലബ്പൂര്‍ എം.എല്‍.എയാണ് മുനീറുല്‍. ടി.എം.സി നേതാവും മുൻ എം.എൽ.എയുമായ ഹാജിറാവു, ടി.എം.സിയുടെ യുവജന വിഭാഗം നേതാക്കളായ മുഹമ്മദ് ആസിഫ് ഇഖ്ബാല്‍, ഗധാധര്‍ ഹസ്‍റ, നിമെ ദാസ് തുടങ്ങിയവര്‍ ഉള്‍പ്പടെ നിരവധി നേതാക്കളും ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞ ദിവസം രണ്ട് തൃണമൂല്‍ എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്ന തൃണമൂല്‍ എം.എല്‍.എമാര്‍. ഹെംതാബാദിൽ നിന്നുള്ള വീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച സി.പി.എം എം.എല്‍.എ. ഇതിനുപുറമെ തൃണമൂൽ കോൺഗ്രസിൻറ 50 മുനിസിപ്പൽ കൗൺസിലർമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലെത്തുമെന്ന് നേരത്തെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി ഇത്തവണ 18 സീറ്റുകളില്‍ വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിജയം 34ല്‍ നിന്ന് 22ലേക്ക് ചുരുങ്ങി. പിന്നാലെയാണ് ബി.ജെ.പിയിലേക്ക് ജനപ്രതിനിധികളെത്തുന്നത്. കൂടുതല്‍ എൺ.എല്‍.എമാര്‍ വരുംദിവസങ്ങളില്‍ ബി.ജെ.പിയിലെത്തുമെന്ന് മുകുള്‍ റോയ് അവകാശപ്പെട്ടു.
Adjust Story Font
16