Quantcast

കശ്മീർ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മുൻ സൈനിക ഓഫീസർ

സൈന്യത്തില്‍ നിന്ന് വിരമിച്ച എസ്.പി സിന്‍ഹ 2013 സെപ്തംബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

MediaOne Logo

  • Published:

    18 Nov 2019 4:45 AM GMT

കശ്മീർ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മുൻ സൈനിക ഓഫീസർ
X

കശ്മീരുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചക്കിടെ, കശ്മീരിൽ കൊലപാതകവും ബലാത്സംഗവും നടത്തണമെന്ന ആഹ്വാനവുമായി മുൻ സൈനിക മേജർ. ഹിന്ദി ചാനൽ ടി.വി 9 ഭരത്‌വർഷിൽ കശ്മീരി പണ്ഡിറ്റുകളെ സംബന്ധിച്ച സംവാദത്തിനിടെയാണ് റിട്ട. മേജർ ജനറൽ എസ്.പി സിൻഹ 'മൗത്ത് കേ ബദ്‌ലേ മൗത്ത്, ബലാത്കാർ കേ ബദ്‌ലേ ബലാത്കാർ' (മരണത്തിനു പകരം മരണം, ബലാത്സംഗത്തിനു പകരം ബലാത്സംഗം) എന്ന് അലറിയത്. അവതാരകയും സഹപാനലിസ്റ്റുകളും ശക്തമായ പ്രതിഷേധം ഉയർത്തിയെങ്കിലും എസ്.പി സിൻഹ തന്റെ വാദത്തിൽ ഉറച്ചുനിന്നു. സംഭവത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം ഇതുവരെ പ്രതികരിച്ചില്ലെങ്കിലും മുൻ ഓഫീസർമാർ പ്രതിഷേധവുമായി രംഗത്തുവന്നു.

'മരണത്തിനു പകരം മരണം, ബലാത്സംഗത്തിനു പകരം ബലാത്സംഗം. ഞാൻ ശരി മാത്രമാണ് പറയുന്നത്. അവിടെ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മനുഷ്യർക്ക് നീതിലഭിക്കണം...' എന്നായിരുന്നു സിൻഹയുടെ ആക്രോഷം. കൊലക്ക് പകരം കൊലയല്ല, ശിക്ഷയാണ് വേണ്ടതെന്ന് അവതാരക ശ്രമിച്ചെങ്കിലും 'എന്ത് ശിക്ഷ' എന്നു പറഞ്ഞ് അവഗണിക്കുകയായിരുന്നു ഇദ്ദേഹം.

റിട്ട മേജര്‍ ജനറല്‍ എസ്.പി സിന്‍ഹ

ചർച്ചയിൽ പങ്കെടുത്ത വനിതാ അംഗം തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് സിൻഹയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തു. ഇദ്ദേഹത്തെ ചർച്ചയിൽ തുടരാൻ അനുവദിക്കരുതെന്നും താങ്കൾ ഒരു സ്ത്രീയല്ലേയെന്നുമായിരുന്നു അവതാരകയോട് ഇവരുടെ ചോദ്യം. പ്രേക്ഷക ബെഞ്ചിലുണ്ടായിരുന്ന വനിതകൾ അടക്കമുള്ളവരും പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും സിൻഹയെ ചർച്ചയിൽ നിന്നു മാറ്റാൻ അവതാരക തയ്യാറായില്ല.

സിൻഹയുടെ അഭിപ്രായപ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സൈനിക ഓഫീസർമാർ അടക്കമുള്ളവർ രംഗത്തെത്തി. റിട്ടയർ ചെയ്താലും ഓഫീസർമാർ സൈന്യത്തിന്റെ വക്താക്കളായിരിക്കണമെന്നും വെറ്ററൻ ഓഫീസർമാരെ പൊതുവേദിയിൽ പങ്കെടുക്കാൻ അനുവദിക്കാത്ത പാകിസ്താന്റെ നയം ഇന്ത്യയും പിന്തുടരണമെന്നും മുൻ സൈനിക ഓഫീസർ ലഫ്. ജനറൽ സയ്യിദ് അത്താ ഹുസൈൻ അഭിപ്രായപ്പെട്ടു.

സിൻഹയുടെ വാക്കുകൾ ദൗർഭാഗ്യകരവും അസംബന്ധവുമാണെന്നും ഇദ്ദേഹം ഭീകരവിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും ലഫ്. ജനറൽ വിനോദ് ഭാട്ട്യ പറഞ്ഞു. എ.സി സ്റ്റുഡിയോയിയിലിരുന്ന് സംസാരിക്കുന്ന സിൻഹ സൈന്യം ചെയ്ത നല്ലകാര്യങ്ങളും ത്യാഗങ്ങളും ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിന്‍ഹ സൈന്യത്തിന് നാണക്കേടുണ്ടാക്കിയെന്നും തനിക്കറിയാവുന്ന സൈന്യം അദ്ദേഹം പറയുന്നതു പോലെയല്ലെന്നും മുന്‍ സൈനിക ഓഫീസര്‍ സ്നേഹേഷ് അലക്സ് ഫിലിപ്പ് ട്വീറ്റ് ചെയ്തു.

സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം എസ്.പി സിന്‍ഹ 2013-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു എന്നാണ് സൂചന.

ഇത്തരത്തിലുള്ള ആളുകള്‍ നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലെ സ്ത്രീകളുടെ വിധി എന്തായിരിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തക കവിത കൃഷ്ണന്‍ ചോദിച്ചു.

TAGS :

Next Story