സി.എ.എ-എൻ.ആർ.സി പ്രക്ഷോഭങ്ങളിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' വിളിക്കരുതെന്ന് ശശി തരൂർ; വിവാദമായപ്പോൾ വിശദീകരണം
വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തി
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭങ്ങളിൽ ഇസ്ലാമിക മുദ്രാവാക്യങ്ങൾ മുഴക്കരുതെന്ന് ശശി തരൂർ എം.പി. ട്വിറ്ററിലാണ് തരൂർ ഈ അഭിപ്രായം പങ്കുവെച്ചത്. ഇതിനെതിരെ വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
പ്രക്ഷോഭങ്ങൾക്കെതിരെ പൊലീസ് ലാത്തിച്ചാർജ് പ്രയോഗിക്കുമ്പോഴും ബാരിക്കേഡ് തീർക്കുമ്പോഴും കണ്ണീർ വാതകം ഉപയോഗിക്കുമ്പോഴും 'ലാ ഇലാഹ ഇല്ലല്ലാഹ്' പറയൂ... എന്ന മുദ്രാവാക്യമടങ്ങിയ വീഡിയോ റീട്വീറ്റ് ചെയ്താണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. മലപ്പുറത്ത് നടന്ന ബഹുജന പ്രക്ഷോഭത്തിലേതാണ് വീഡിയോ.
'ഹിന്ദുത്വ തീവ്രവാദത്തിനെതിരായുള്ള നമ്മുടെ പോരാട്ടം ഇസ്ലാമിക തീവ്രവാദത്തിന് സാന്ത്വനം നൽകുന്നതാവരുത്. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ മുദ്രാവാക്യം മുഴക്കുന്ന നമ്മൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാനാണ് പോരാടുന്നത്. ബഹുസ്വരതയും വൈവിധ്യവും ഏതെങ്കിലും മതമൗലികവാദത്താൽ തട്ടിവീഴ്ത്തപ്പെടാൻ നമ്മൾ അനുവദിക്കില്ല'ശശി തരൂരിന്റെ ട്വീറ്റ്
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തേണ്ട ഗതികേടാണ് എപ്പോഴും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കുള്ളതെന്നും എന്തു ചെയ്താലും അത് സാധ്യമാകില്ലെന്നും സ്വീഡനിലെ ഉപ്പസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും അക്കാദമിക് വിദഗ്ധനുമായ അശോക് സ്വെയ്ൻ പറഞ്ഞു.
'ദേശീയ സംസ്‌കാരത്തിലും ഭൂരിപക്ഷ ആശയത്തിലും ഉൾപ്പെടാൻ വേണ്ടി ന്യൂനപക്ഷങ്ങൾ എന്തുചെയ്താലും മതഭ്രാന്തന്മാർക്ക് അതൊന്നും മതിയാവില്ല. ന്യൂനപക്ഷങ്ങൾക്ക് അഭിപ്രായം പറയാൻ യോഗ്യതയില്ല. നിങ്ങൾ അവരെപ്പോലെ ഭക്ഷണം കഴിച്ചാൽ, എന്തുകൊണ്ട് ഞങ്ങളെപ്പോലെ സംസാരിക്കുന്നില്ല എന്നാവും ചോദ്യം. അവരെപ്പോലെ സംസാരിച്ചാൽ എന്തുകൊണ്ട് ഞങ്ങളെപ്പോലെ വസ്ത്രം ധരിക്കുന്നില്ല എന്നാവും. വസ്ത്രം ധരിച്ചാൽ എന്തുകൊണ്ട് ഞങ്ങളെപ്പോലെ പ്രാർത്ഥിക്കുന്നില്ല എന്നാവും. ഇതിന് ഒരു അവസാനമില്ല.'അശോക് സ്വെയ്ൻ
മുസ്ലിംകൾ തങ്ങളുടേതായ രീതിയിൽ ഭക്ഷിക്കുകയും സംസാരിക്കുകയും വസ്ത്രം ധരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ ഹിന്ദുവികാരമെന്ന് പറയപ്പെടുന്ന സംഗതിയെ പ്രകോപിപ്പിക്കുന്നത് നിർത്തിയാൽ ഹിന്ദുത്വം വളരില്ലെന്ന് പറയുന്നവർ ഇതൊന്ന് വിശദീകരിക്കണം: എന്തുകൊണ്ടാണ് ഹിന്ദുമതം ഇപ്പോഴും ജാതികളാൽ വിഭജിക്കപ്പെട്ടിരിക്കുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിലെ ജാതി അക്രമങ്ങൾ മത അക്രമങ്ങളേക്കാൾ കൂടുതൽ ജീവനെടുക്കുന്നത്?അശോക് സ്വെയ്ൻ
തരൂരിന്റെ അഭിപ്രായം തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിനോട് പ്രതികരിച്ച മിക്കവരും അഭിപ്രായപ്പെട്ടത്.
ട്വീറ്റ് വിവാദമായതോടെ തരൂർ വിശദീകരണവുമായി രംഗത്തെത്തി.
'ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. നമ്മിൽ അധികപേർക്കും ഈ പോരാട്ടം ഇന്ത്യക്കു വേണ്ടിയാണ്, ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല എന്നകാര്യം വ്യക്തമാക്കിയതാണ്. ഭരണഘടനാ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വേണ്ടിയുള്ളതാണിത്. ഇത് ബഹുസ്വരത സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. വിശ്വാസങ്ങൾ തമ്മിലുള്ളതല്ല.'ശശി തരൂര്‍
Adjust Story Font
16