‘ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’; വൈറലായി നാഗ്പൂര്‍ പൊലീസിന്റെ കൊറോണ പോസ്റ്റ്
ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഡയലോഗും ചിത്രവും ഉപയോഗിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂര്‍ പൊലീസ് പറഞ്ഞിരിക്കുന്നത്
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യമെമ്പാടുമുള്ള പൊലീസിന്റെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. ഈ ലോക് ഡൌണ്‍ കാലത്ത് ജനങ്ങളെ വീട്ടിലിരുത്താന്‍ അവര്‍ പെടുന്ന പാട് ചില്ലറയല്ല. അതുപോലെ തന്നെയാണ് ബോധവത്ക്കരണത്തിന്റെ കാര്യവും. പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തില്‍ വളരെ ലളിതമായ രീതിയിലാണ് പൊലീസ് സോഷ്യല്‍ മീഡിയയിലും മറ്റ് കോവിഡുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുന്നത്. പ്രത്യേകിച്ചും സിനിമാരംഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളാകുമ്പോള്‍ കൂടുതല്‍ ജനശദ്ധ്ര നേടുകയും ചെയ്യും.
സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂര്‍ പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഡയലോഗും ചിത്രവും ഉപയോഗിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂര്‍ പൊലീസ് പറഞ്ഞിരിക്കുന്നത്." ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് കോമണ്‍ മാന്‍'' എന്ന ഡയലോഗ് കടമെടുത്ത് ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന അടിക്കുറിപ്പിനോടൊപ്പം റയില്‍വെ സ്റ്റേഷനിലെ ബഞ്ചില്‍ ദീപികയും ഷാരൂഖും അകലമിട്ടിരിക്കുന്നതിന്റെ ഫോട്ടോയും നല്‍കിയിരിക്കുന്നു.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് വൈറലായി. മാത്രമല്ല പൊലീസിന്റെ ക്രിയേറ്റിവിറ്റിയെ ട്വിറ്റേറിയന്‍സ് അഭിനന്ദിച്ചു. പെട്ടെന്ന് മനസിലാകുന്ന വിധത്തിലാണ് പോസ്റ്റെന്നും ലളിതമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്നും കമന്റുകള്‍ പറയുന്നു.
കൊറോണ വൈറസിനെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സാമൂഹ്യ അകലം പാലിക്കുകയെന്നതാണ്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ലോക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 3,300 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 77 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.
Adjust Story Font
16