വിദ്വേഷ പ്രസംഗത്തിന് സുക്കര്‍ബര്‍ഗ് ഉദാഹരണമാക്കിയത് കപില്‍ മിശ്രയുടെ ഭീഷണി
25000 ഫേസ്ബുക്ക് ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് സുക്കര്‍ബര്‍ഗ് കപില്‍ മിശ്രയുടെ വിവാദ പ്രസംഗം ഉദാഹരണമായി അവതരിപ്പിച്ചത്...
വിദ്വേഷ പ്രസംഗങ്ങള്‍ ഏതെല്ലാമെന്ന് ജീവനക്കാര്‍ക്ക് വിശദീകരിക്കാനായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തെരഞ്ഞെടുത്തത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിവാദ പ്രസംഗം. ഡല്‍ഹി കലാപത്തിന് തൊട്ട് മുമ്പ് കപില്‍ മിശ്ര നടത്തിയ വിവാദ പ്രസംഗമാണ് പേര് പറയാതെ സുക്കര്‍ബര്‍ഗ് ഉദ്ധരിച്ചത്.
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്നത്. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യത്തെ ഇറക്കുമെന്നും 'കൊള്ള തുടങ്ങിയാല്‍, വെടിവെപ്പ് ആരംഭിക്കുമെന്നും' ട്രംപ് സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ ട്വീറ്റിനെതിരെ ട്വിറ്റര്‍ നടപടിയെടുക്കുകയും ഫേസ്ബുക്ക് മൗനം തുടരുകയും ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഫേസ്ബുക്ക് ജീവനക്കാര്‍ തന്നെ കമ്പനിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 25000 ഫേസ്ബുക്ക് ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് സുക്കര്‍ബര്‍ഗ് കപില്‍ മിശ്രയുടെ വിവാദ പ്രസംഗം ഉദാഹരണമായി അവതരിപ്പിച്ചതെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ്(ഫെബ്രുവരി 24-25) കപില്‍ മിശ്ര അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയും വരെ സമാധാനം തുടരുമെന്നും തുടര്‍ന്നും റോഡുകളിലെ തടസം നീക്കിയില്ലെങ്കില്‍ പൊലീസിന് പകരം നമ്മള്‍ തന്നെ റോഡുകളിലെ തടസം നീക്കുമെന്നുമാണ് കപില്‍ മിശ്ര പറഞ്ഞത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കപില്‍ മിശ്രയുടെ ഈ പരാമര്‍ശം. വിവാദ പ്രസംഗം കപില്‍ മിശ്ര സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
'ഇന്ത്യയിലെ ചില സംഭവങ്ങള്‍ നമുക്ക് ഉദാഹരണമായെടുക്കാം. പൊലീസ് നോക്കിയില്ലെങ്കില്‍ ഞങ്ങളുടെ അനുയായികള്‍ നോക്കും തെരുവുകളിലെ തടസം നീക്കും- എന്നാണ് ഒരാള്‍ പറഞ്ഞത്. ആ പോസ്റ്റ് നമ്മള്‍ പിന്‍വലിച്ചിരുന്നു.' എന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. അനുയായികളെ നേരിട്ട് അക്രമത്തിന് പ്രേരിപ്പിക്കുന്നതരത്തിലുള്ളതാണ് കപില്‍ മിശ്രയുടെ പരാമര്‍ശമെന്നും ആ ഗണത്തില്‍ പെടുത്താനാവില്ല ട്രംപിന്റെ വിവാദ പോസ്‌റ്റെന്നുമാണ് സുക്കര്‍ബര്‍ഗ് വിശദീകരിക്കാന്‍ ശ്രമിച്ചത്.
Adjust Story Font
16