Quantcast

ജയശങ്കര്‍ മുതല്‍ സ്മൃതി ഇറാനി വരെ... രാഹുലിനെ നേരിടാന്‍ ബിജെപിയുടെ വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂള്‍; ട്വിറ്ററില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസിന്‍റെ 'ബിജെപി റോസ്റ്റിങ്'

രാഹുല്‍ ഗാന്ധിയെയും കാണ്‍ഗ്രസിനെയും നേരിടാന്‍ ബിജെപി വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂളുണ്ടാക്കിയിരിക്കുകയാണ് എന്നാണ് ഒരു റോസ്റ്റിങ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് പറയുന്നത്

MediaOne Logo

Web Desk

  • Published:

    23 July 2020 8:47 AM GMT

ജയശങ്കര്‍ മുതല്‍ സ്മൃതി ഇറാനി വരെ... രാഹുലിനെ നേരിടാന്‍ ബിജെപിയുടെ വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂള്‍; ട്വിറ്ററില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസിന്‍റെ ബിജെപി റോസ്റ്റിങ്
X

കൊവിഡ്, ചൈന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് വിഷയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി ആരോപണപ്രത്യാരോപണങ്ങളുടെ മാരത്തോണ്‍ നടക്കുകയാണ്. ഈ ആക്രമണങ്ങള്‍ക്കിടെ അല്‍പ്പം തമാശയും കലര്‍ത്തി ബിജെപിയെ ട്രോളിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെയും കാണ്‍ഗ്രസിനെയും നേരിടാന്‍ ബിജെപി വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂളുണ്ടാക്കിയിരിക്കുകയാണ് എന്നാണ് ഒരു റോസ്റ്റിങ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് പറയുന്നത്.

വിദേശകാര്യ മന്ത്രി മുതല്‍ തുടങ്ങുന്ന പട്ടിക അവസാനിക്കുന്നത് സ്മൃതി ഇറാനിയിലാണ്. കോണ്‍ഗ്രസിന്റെ ഭാവനയില്‍, ഒരു വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂള്‍ തന്നെ ബിജെപി ഉണ്ടാക്കിയിരിക്കുന്നു. ആരാണ് ഇന്ന് ഡ്യൂട്ടിയില്‍ എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ഓരോ ദിവസവും ബിജെപിയുടെ ഓരോ കേന്ദ്ര നേതാക്കള്‍ക്കാണ് രാഹുലിനെതിരെയും കോണ്‍ഗ്രസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള ചുമതല. ആ പട്ടിക ഇങ്ങനെയാണ്. ; തിങ്കള്‍ - എസ് ജയശങ്കര്‍, ചൊവ്വ - പ്രകാശ് ജാവദേക്കര്‍, ബുധന്‍ - ജെ പി നദ്ദ, വ്യാഴം - അമിത് ഷാ, വെള്ളി - രാജ്‌നാഥ് സിംഗ്, ശനി - നിര്‍മ്മല സീതാരാമന്‍, ഞായര്‍ - സ്മൃതി ഇറാനി

എവിടെയാണ് രവിശങ്കര്‍ പ്രസാദിനെ ഉള്‍ക്കൊള്ളിക്കുക എന്നാണ് ട്വീറ്റ് ഏറ്റെടുത്ത് ആളുകള്‍ ചോദിക്കുന്നത്. ചാര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിട്ടുപോയല്ലോ എന്നും ചിലര്‍ ചോദിക്കുന്നു. മന്ത്രിമാരെല്ലാം അതിഥികളായി എത്തുന്നവരാണെന്നും ആഴ്ചയില്‍ ഏഴ് ദിവസവും ഡ്യൂട്ടിയിലുള്ളത് ബിജെപി വക്താവ് സംബീത് പത്ര ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലും ചൈനീസ് ആക്രമണം നേരിടുന്നതിലും സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. അതേസമയം തുടര്‍ച്ചയായി നേതാക്കളെ നഷ്ടപ്പെടുന്ന കോണ്‍ഗ്രസിനെ ട്വിറ്ററില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയെന്ന് ബിജെപി പരിഹസിച്ചു.

TAGS :

Next Story