ത്യാഗമെന്തെന്ന് സോണിയയും രാഹുലും കാണിച്ചുതന്നു, രാഹുല്‍ പാര്‍ട്ടിയെ നയിക്കണം: സച്ചിന്‍ പൈലറ്റ്
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഒരു മാസം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്.
"ജനങ്ങളുടെയും പാര്‍ട്ടിയുടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് ശ്രീമതി ഗാന്ധിയും രാഹുല്‍ജിയും കാണിച്ചുതന്നു. സമവായമുണ്ടാക്കേണ്ട, ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്. മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റ് പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്നു"- എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.
Mrs Gandhi and Rahul ji have shown what it means to sacrifice for the greater good of the people and the party.Its now time to build consensus and consolidate.
— Sachin Pilot (@SachinPilot) August 23, 2020
Our future is stronger when we’re united. Most Congress workers would like to see Rahul ji take over and lead the party
പാര്‍ട്ടിയോട് ഇടഞ്ഞ സച്ചിനെയും 18 എംഎല്‍എമാരെയും തിരിച്ചെത്തിച്ചതില്‍ രാഹുലിന്‍റെയും പ്രിയങ്കയുടെയും പങ്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസിന്‍റെ അടുത്ത അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നാണ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ള നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
യുവാക്കള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി പരിഗണിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ദേശീയമായ അനിവാര്യതയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കടുത്ത സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുകയാണ്. ഭയത്തിന്‍റേതായ അന്തരീക്ഷം, വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം സോണിയാ ഗാന്ധി ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചേക്കും. നേതൃസ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. ഈ സാഹചര്യത്തിൽ പ്രവ൪ത്തക സമിതി യോഗം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള നേതാവിനെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കം കുറിച്ചേക്കും.
Adjust Story Font
16