ഇന്നലെ വരെ ബി.ജെ.പി ഇന്‍റലക്ച്വല്‍ ചീഫ്; ഇന്ന് രജനികാന്തിന്‍റെ പുതിയ പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍; ആരാണ് അര്‍ജുന മൂര്‍ത്തി?
ഇന്നലെയാണ് അര്‍ജുനമൂര്‍ത്തി ബി.ജെ.പിയിൽ നിന്ന് രാജി വെച്ചത്
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന നടന്‍ രജനീകാന്തിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പുതിയ പാര്‍ട്ടിക്ക് പിന്നില്‍ ആരെന്ന ചോദ്യങ്ങളും ഉയരുന്നു. കൃത്യമായ അജണ്ടയോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ മേല്‍കൈ നേടാനുള്ള ഹിന്ദുത്വ ശ്രമമാണോ രജനികാന്തിന്‍റെ പുതിയ പാര്‍ട്ടിക്ക് പിന്നിലെന്ന ആശങ്കയാണ് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വാദങ്ങളെ ബലപ്പെടുത്തുന്നതാണ് രജനികാന്തിന്‍റെ പാര്‍ട്ടിയുടേതായി പ്രഖ്യാപിച്ച പുതിയ കോ ഓര്‍ഡിനേറ്ററുടെ പേര്. ഇന്നലെ വരെ ബി.ജെ.പിയുടെ ഇന്റലക്ച്വൽ വിങ് മേധാവിയായി പ്രവര്‍ത്തിച്ച അർജുനമൂർത്തി ആണ് ഇന്ന് രജനിയുടെ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി ചുമതലയേറ്റത്. ഇന്നലെയാണ് അര്‍ജുനമൂര്‍ത്തി ബി.ജെ.പിയിൽ നിന്ന് രാജി വെച്ചത്.
தலைவருக்கு என் அனேக கோடி வணக்கங்களும் நன்றியினையும் தெரிவித்துக்கொள்கிறேன்🙏 pic.twitter.com/pHvKLZzmaU
— Arjunamurthy Ra (@RaArjunamurthy) December 3, 2020
പാര്‍ട്ടിയുടെ പുതിയ കോഓര്‍ഡിനേറ്ററായി ചുമതലയേറ്റ സന്തോഷം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് അര്‍ജുനമൂര്‍ത്തി സന്തോഷം പ്രകടിപ്പിച്ചത്. 'പ്രസിഡന്‍റിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു'വെന്നാണ് അര്‍ജുനമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. ഇന്നത്തെ ട്വീറ്റിന് മുമ്പ് അര്‍ജുനമൂര്‍ത്തിയുടേതായി പോസ്റ്റ് ചെയ്ത ട്വീറ്റ് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി. രവിയെ അഭിനന്ദിച്ചുള്ളതാണ്. ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബി.ജെ.പി നേതാവാണ് സി.ടി രവി. അര്‍ജുനമൂര്‍ത്തിയുടെ പുതിയ ചുവടുമാറ്റം ബി.ജെ.പിയുടെ ബി ടീമായി രജനികാന്തിന്‍റെ പാര്‍ട്ടിയെ മാറ്റാനുള്ള ശ്രമമാണോയെന്ന സൂചനയാണ് നല്‍കുന്നത്.
അടുത്തിടെ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയുമായി രജനികാന്ത് ചര്‍ച്ച നടത്തിയത് വലിയ വിവാദമായിരുന്നു. ബിജെപിയുമായി നിരവധി സന്ദര്‍ഭങ്ങളില്‍ അടുപ്പം പരസ്യമായി പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് രജനി. അടുത്ത മാസമാണ് രജനികാന്ത് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുക. 2021ലെ തെരഞ്ഞെടുപ്പില്‍ രജനി മത്സരിക്കുമോ, രജനിയുടെ പാര്‍ട്ടി ആരെ പിന്തുണയ്ക്കും എന്നെല്ലാമാണ് ഇനി അറിയേണ്ടത്.
ആരാണ് അര്‍ജുനമൂര്‍ത്തി?
ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മരുമകനുമായ മുരസൊലി മാരന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവായിട്ടാണ് അര്‍ജുനമൂര്‍ത്തി രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. മുരസൊലി മാരന്‍റെ മരണത്തോടെ ഡി.എം.കെ വിട്ട അര്‍ജുനമൂര്‍ത്തി പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. കടുത്ത ആര്‍.എസ്.എസ് രാഷ്ട്രീയാനുഭാവി കൂടിയായിരുന്ന അര്‍ജുനമൂര്‍ത്തി ആണ് ആദ്യമായി ബി.ജെ.പിയുടെ ബിസിനസ് വിംങ് കൈകാര്യം ചെയ്തത്. പിന്നീട് ബിജെപിയുടെ ബൗദ്ധിക് വിഭാഗം നേതാവായി പ്രവര്‍ത്തിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ സ്കൂള്‍ ചങ്ങാതിയായിരുന്നു അര്‍ജുനമൂര്‍ത്തിയുടെ ഭാര്യ. ബിസിനസില്‍ സജീവമായ ഇവര്‍ ഡല്‍ഹി, തമിഴ്നാട് ബി.ജെ.പി നേതൃത്വവുമായും ഏറെ അടുപ്പത്തിലായിരുന്നു.
ബി.ജെ.പിയുടെ മിക്ക ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള നേതാവായ അര്‍ജുനമൂര്‍ത്തിയുടെ പെട്ടെന്നുള്ള രാജിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതിനെയും വളരെയധികം സംശയത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. നിലവില്‍ ബി.ജെ.പിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിട്ടുണ്ട്. രജനികാന്തിന്‍റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും ഇനിമുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.
Adjust Story Font
16