Quantcast

അച്ഛന്‍റെ കല്യാണം അടിപൊളിയാക്കി മകന്‍; ഇതാണ് യഥാര്‍ത്ഥ സ്നേഹമെന്ന് സോഷ്യല്‍ മീഡിയ

ഷായോണ്‍ തന്നെയാണ് അച്ഛന്‍റെ രണ്ടാം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്

MediaOne Logo

  • Published:

    5 Dec 2020 4:39 AM GMT

അച്ഛന്‍റെ കല്യാണം അടിപൊളിയാക്കി മകന്‍; ഇതാണ് യഥാര്‍ത്ഥ സ്നേഹമെന്ന് സോഷ്യല്‍ മീഡിയ
X

സ്നേഹം എന്നത് വെറും മൂന്നക്ഷരം മാത്രമല്ല, ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം സൃഷ്ടിക്കാനുള്ള ശക്തി കൂടിയുണ്ടതിന്. 66കാരനായ തരുണ്‍ കാന്തി പാലും 63കാരിയായ സ്വപ്ന റോയിയും തമ്മിലുള്ള വിവാഹവും അത്തരത്തിലൊന്നായിരുന്നു. ഇവരുടെ വിവാഹം നടത്തിക്കൊടുത്തതാകട്ടെ തരുണിന്‍റെ മകന്‍ ഷായോണ്‍ പാലും. അതുകൊണ്ടാണ് ഈ കല്യാണം അത്രമേല്‍ മനോഹരമാകുന്നത്.

ഷായോണ്‍ തന്നെയാണ് അച്ഛന്‍റെ രണ്ടാം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. വെറുമൊരു സാധാരണ വിവാഹമായിരുന്നില്ല അത്. എല്ലാ വിധ ആര്‍ഭാടങ്ങളോടും കൂടിയായിരുന്നു കല്യാണം. '' കഴിഞ്ഞ ദിവസമായിരുന്നു എന്‍റെ അച്ഛന്‍റെ കല്യാണം. മാസ്ക് വച്ചുകൊണ്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശരിക്കും അത്ഭുതപ്പെടുത്തുന്നതും രസകരവുമായിരുന്നു ആ ചടങ്ങ്. എന്‍റെ അമ്മ മരിച്ച ശേഷമുള്ള പത്ത് വര്‍ഷങ്ങള്‍ അച്ഛന്‍ പൂര്‍ണ്ണമായും ഒറ്റക്കായിരുന്നു. അദ്ദേഹം വീണ്ടും തന്‍റെ പ്രണയത്തെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്'' ഷായോണ്‍ ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമബംഗാളിലെ ഹൌറയിലെ ഭട്ടനഗറില്‍ നിന്നുള്ളവരാണ് തരുണും സ്വപ്നയും. കുടുംബങ്ങള്‍ തമ്മില്‍ അറിയാമെങ്കിലും ബേലൂര്‍ മഠത്തിലെ ഒരു ചടങ്ങില്‍ വച്ച് പരസ്പരം കാണുന്നതുവരെ അവര്‍ തമ്മില്‍ സംസാരിച്ചിരുന്നില്ല. അവിടെ വച്ചാണ് അവര്‍ സംസാരിച്ചുതുടങ്ങുന്നത്. മാസങ്ങള്‍ക്ക് ശേഷം സ്വപ്ന തരുണിനെ ഫോണില്‍ വിളിച്ചു. പിന്നീടാണ് അവരുടെ സൌഹൃദം തുടങ്ങുന്നതും അതു പ്രണയമായി മാറുന്നത്. നാല് മാസങ്ങള്‍ക്ക് ശേഷം സ്വപ്ന തരുണിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും തരുണ്‍ സമ്മതം മൂളുകയും ചെയ്തു. കഴിഞ്ഞ മസം 25നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.

''ഒരേയൊരു ജീവിതമേയുള്ളൂ നമുക്ക്, അത് വിലപ്പെട്ടതാണ്. എല്ലാവരുടെയും ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം. ജീവിതയാത്രയില്‍ ആരെങ്കിലും കൂടെയുണ്ടാകുന്നത് നല്ലതാണ്. ആദ്യത്തെ പങ്കാളി മരിച്ചുപോയാല്‍ ജീവിതയാത്ര പൂര്‍ത്തിയാക്കാന്‍ മറ്റൊരാളെ തെരഞ്ഞെടുക്കാം. അത് രണ്ട് പേര്‍ക്കും ഗുണകരമാണ്.'' തരുണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അച്ഛന്‍റെ വിവാഹം സന്തോഷപൂര്‍വം നടത്തിക്കൊടുത്ത ഷായോണിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. നിങ്ങളൊരു നല്ല മനുഷ്യനാണെന്നും ഇതൊരു മാതൃകയാണെന്നുമാണ് കമന്‍റുകള്‍.

TAGS :

Next Story