കോവിഡ് വാക്സിന്‍ വിതരണം; മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി
50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി
കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്ത് അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്.
ആരോഗ്യ പ്രവ൪ത്തക൪, കോവിഡ് പ്രതിരോധത്തിൽ മുൻനിരയിലുള്ള പൊലീസുദ്യോഗസ്ഥ൪, സൈനിക-അ൪ധ സൈനിക വിഭാഗങ്ങൾ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവ൪ എന്നിവരെയാണ് വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ കേന്ദ്രം ആദ്യം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ മറ്റ് അസുഖങ്ങളുള്ള 50 വയസിൽ താഴയുള്ളവരെ കൂടി ഉൾപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഉയ൪ന്ന രക്തസമ്മ൪ദം, അപസ്മാരം, പ്രമേഹം, ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ അസുഖം, വിവിധ തരം ക്യാൻസറുകൾ എന്നിങ്ങനെ മറ്റ് രോഗങ്ങളുള്ളവ൪ക്കാണ് വാക്സിൻ വിതരണം ചെയ്യുക.
അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്യുന്നതിൽ കുറവുണ്ടായി. അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത്. 22065 കോവിഡ് കേസുകളും 354 കോവിഡ് മരണങ്ങളും പുതുതായി റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 99 ലക്ഷവും ആകെ മരണം 1,43,700 ഉം കടന്നു. രോഗം ഭേദമായവരുടെ എണ്ണം 94 കാൽ ലക്ഷത്തോട് അടുക്കുകയാണ്. മൂന്നേകാൽ ലക്ഷത്തിൽ താഴെ മാത്രം രോഗികളാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.
Adjust Story Font
16