Quantcast

ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍; കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി യു.എസ് പ്രതിരോധ സെക്രട്ടറി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം സംസാരിക്കാന്‍ സാധിച്ചില്ല.

MediaOne Logo

Web Desk

  • Published:

    21 March 2021 6:18 AM GMT

ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍; കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തി യു.എസ് പ്രതിരോധ സെക്രട്ടറി
X

ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് ഇന്ത്യയിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇത്തരം വിഷയങ്ങള്‍ ഇന്ത്യയും യു.എസ്സും പോലെ പരസ്പരം പങ്കാളികളായ രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെന്നും കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായെന്നും ഓസ്റ്റിന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളും സ്ത്രീകളും നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ മാത്രമാണ് പ്രത്യേകം ചര്‍ച്ച ചെയ്തത്.

ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ശിഥിലമാകുന്നത് ഇന്ത്യാ സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്ററായ ബോബ് മെനന്‍ഡസ് ലോയ്ഡ് ഓസ്റ്റിന് കത്തയച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ നിയമഭേദഗതിയുടെയും കര്‍ഷക സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് ബോബ് മെനന്‍ഡസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മൂന്ന് ദിവത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും വര്‍ധിപ്പിക്കുകയായിരുന്നു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.

യു.എസിന്‍റെ സൗഹൃദരാഷ്ട്രങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും സന്ദര്‍ശിച്ച ശേഷമാണ് ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിലെത്തിയത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലെത്തിയതിനു ശേഷം യു.എസ് സര്‍ക്കാര്‍ പ്രതിനിധി ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത് ആദ്യമായാണ്.

സൈനിക മേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ തീരുമാനമായെന്ന് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അമേരിക്കയുമായി ഒപ്പിട്ട ലമോവ, കോംകാസ, ബെക്ക ഉടമ്പടികളുടെ പൂർണമായ ലക്ഷ്യം നേടിയെടുക്കാനുള്ള മാർഗങ്ങളും ചര്‍ച്ചയായി.

പ്രതിരോധമേഖലയിൽ വിദേശനിക്ഷേപം അനുവദിച്ച സാഹചര്യം പ്രയോജനപ്പെടുത്താൻ അമേരിക്കൻ വ്യവസായികളെ ക്ഷണിക്കുന്നതുള്‍പ്പെടെ പ്രതിരോധവ്യവസായമേഖലയിൽ വിപുലമായ തോതിൽ ഉഭയകക്ഷി സഹകരണത്തിനും തീരുമാനമായി.

മാറിവരുന്ന രാജ്യാന്തരസാഹചര്യത്തിൽ ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്ന് ലോയ്ഡ്‌ ഓസ്റ്റിന്‍ പറഞ്ഞു. പ്രതിരോധമേഖലയിൽ ഇന്ത്യയുമായി സമഗ്രപങ്കാളിത്തത്തിന്‌ അമേരിക്ക കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story