വീട് നല്‍കിയെന്ന് പറഞ്ഞ് കേന്ദ്രത്തിന്‍റെ പരസ്യം ; വീടുപോയിട്ട് ബാത്ത് റൂം പോലുമില്ലെന്ന് പരസ്യത്തിലെ സ്ത്രീ
സർക്കാർ വീട് അനുവദിച്ചെന്ന് പരസ്യത്തിൽ ചിത്രം ഉൾപ്പെടുത്തിയ യുവതി ഇപ്പോൾ കഴിയുന്ന വീട്ടിൽ ശൗചാലയം പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
ഫെബ്രുവരി 25 ന് കൊൽക്കത്തയിലെ പത്രങ്ങളിൽ ഒരു പരസ്യം വന്നു, കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയുടെ ചിത്രവും ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം. പക്ഷേ ആ പരസ്യം തെറ്റാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
സർക്കാർ വീട് അനുവദിച്ചെന്ന് പരസ്യത്തിൽ ചിത്രം ഉൾപ്പെടുത്തിയ യുവതി ഇപ്പോൾ കഴിയുന്ന വീട്ടിൽ ശൗചാലയം പോലുമില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
ആത്മനിർഭർ ഭാരത് ആത്മനിർഭർ ബംഗാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. '' പ്രധാനമന്ത്രിയുടെ ആവാസ് യോജന ഉണ്ടായതുകൊണ്ട് എനിക്കിപ്പോൾ തല ചായ്ക്കാൻ ഒരു വീടുണ്ട്'' എന്ന വാചകത്തോടെ നരേന്ദ്രമോദിയുടെ ചിത്രത്തോട് കൂടിയാണ് പരസ്യം.
കൊൽക്കത്തയിലെ മലങ്ക ലെയ്‌നിൽ താമസിക്കുന്ന ലക്ഷ്മിദേവിയുടെ ചിത്രമാണ് പരസ്യത്തിൽ ഉണ്ടായിരുന്നത്. ആ പരസ്യത്തിലെ സ്ത്രീ താനാണ് പക്ഷേ തനിക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ലക്ഷ്മിദേവി പ്രതികരിച്ചത്. ലക്ഷ്മി ദേവിക്ക് ഇതുവരെ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ വീട് ലഭിച്ചിട്ടുമില്ല.
''അതിൽ അവകാശപ്പെടുന്നപോലെ ഒരു ആനൂകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല. ആറുപേരടങ്ങുന്ന ഒരു വീട് വാടകയ്ക്ക് എടുത്താണ് ഞാൻ കഴിയുന്നത്. കുഞ്ഞുങ്ങളെ മാത്രം വീടിനുള്ളിൽ ഉറക്കി കിടത്തും. ഞങ്ങൾ പുറത്താണ് കിടക്കുന്നത്. ഒരു ബാത്ത് റൂം പോലുമില്ല', ലക്ഷ്മി ദേവി പറഞ്ഞു.
അയൽക്കാരാണ് ലക്ഷ്മിദേവിയോട് പത്രത്തിൽ തന്‍റെ ചിത്രമുണ്ടെന്ന് പറഞ്ഞത്.
പത്രത്തിൽ തന്റെ ചിത്രം കണ്ടപ്പോൾ ഞാനാദ്യം പേടിച്ചു പോയെന്നും എപ്പോഴാണ് ഈ ഫോട്ടോ എടുത്തതെന്നും തനിക്ക് അറിയില്ലെന്നും ലക്ഷ്മി ദേവി പറഞ്ഞു. ചിലപ്പോൾ
ബുഘട്ടിലെ ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ചിലർ ചിത്രങ്ങളെടുത്തിരുന്നുവെന്നും അതാകാം പരസ്യത്തിനുപയോഗിച്ചതെന്നുമാണ് ലക്ഷ്മി പറഞ്ഞു.
Adjust Story Font
16