ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി പുതുച്ചേരിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; ഗുരുതര കുറ്റമെന്ന് മദ്രാസ് ഹൈക്കോടതി
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി.
പുതുച്ചേരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്ട്സ് ആപ് നമ്പർ ശേഖരിച്ച് പ്രചാരണ സന്ദേശമയക്കുകയും ചെയ്തെന്നാണ് മദ്രാസ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുതുച്ചേരി ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റ് ആനന്ദാണ് ഹരജി നല്‍കിയത്.
പ്രാദേശിക ബി.ജെ.പി നേതാക്കൾ ആധാറിൽനിന്ന് ഫോൺ നമ്പർ ശേഖരിച്ചതായും പിന്നീട് ഓരോ മണ്ഡലങ്ങളിലും ബൂത്ത് ലെവൽ വാട്ട്സ് ആപ് ഗ്രൂപ്പുകൾ നിർമ്മിച്ചതായുമാണ് ഹരജിയില്‍ പറയുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നിയമസഭ മണ്ഡലങ്ങളുടെ സന്ദേശങ്ങളും പ്രചാരണങ്ങളും പങ്കുവെക്കുന്നതിനാണ് ഇത്തരം വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.
ബി.ജെ.പി നേതാക്കൾ വോട്ടർമാരെ ഫോൺ വിളിച്ചതായും ഹരജിയില്‍ പറയുന്നു. പേര്, വോട്ടിങ് ബൂത്ത്, മണ്ഡലം തുടങ്ങിയ വിവരങ്ങളാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്. ബി.ജെ.പി സ്ഥാനാർഥികൾ ഇത്തരത്തിൽ വോട്ട് അഭ്യർഥിക്കുന്നത് തടയണമെന്നും സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം.
ഇത് ഗുരുതര കുറ്റമാണെന്നാണ് ഹരജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണച്ചുമതല സൈബര്‍ സെല്ലിന് കൈമാറി തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Adjust Story Font
16