ബംഗാളിലും അസമിലും പരസ്യപ്രചാരണം ഇന്നവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാൾ
പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിന്
പശ്ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും. മാർച്ച് 27 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ബംഗാളിൽ കേന്ദ്ര മന്ത്രിമാരായ അമിത്ഷായും രാജ്നാഥ് സിങും ഇന്ന് പ്രചാരണത്തിനെത്തും.
294 സീറ്റുകളുള്ള ബംഗാളിലെ 30 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുരുലിയ, ബങ്കുര, ജാർഗ്രാം, പൂർവ്വ മിട്നാപുർ, പശ്ചിമ മിട്നാപുർ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട മത്സരം.
തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്- ഇടതുപാർട്ടികൾ, ഐ.എസ്.എഫ് എന്നീ പാർട്ടികൾ ആണ് മത്സര രംഗത്തുള്ളത്. കേന്ദ്ര സുരക്ഷാ സേന വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. 684 കേന്ദ്ര സേനയെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാന്തിയിൽ ഇന്ന് പ്രചരണം നടത്തും.
അസമിൽ ആകെയുള്ള 126 സീറ്റുകളിൽ 47 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബിജെപി നയിക്കുന്ന എൻഡിഎയും കോൺഗ്രസ് നയിക്കുന്ന യുപിഎയും അസം ജാതീയ പരിഷത്ത്, അസം ജാതീയവാദി യുവചാത്ര പരിഷത്ത് എന്നീ പാർട്ടികൾ ചേർന്ന സഖ്യവുമാണ് മത്സരിക്കുന്നത്. ഏപ്രിൽ 1, 6 തിയതികളിലാണ് മറ്റ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. പ്രധാനമന്ത്രി അസമിലെ ബിപുരിയയിലും സംസാരിക്കും.
Adjust Story Font
16