നിലനിൽക്കുക സാമ്പത്തിക സംവരണം മാത്രം, മറ്റു സംവരണങ്ങള്‍ ഇല്ലാതായേക്കും: സുപിംകോടതി
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം
ന്യൂഡൽഹി: എല്ലാ ജാതി സംവരണങ്ങളും അവസാനിക്കുമെന്നും സാമ്പത്തിക സംവരണമാകും നിലനിൽക്കുകയെന്നും സൂചന നൽകി സുപ്രിംകോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. മണ്ഡൽ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം.
എസ്.സി.ബി.സി വെൽഫെയർ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിൻഗ്ലയാണ് ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചത്. ഈ വേളയിൽ, 'പാർലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. ഇത് സ്വാഗതാർഹമായ ആശയമാണ്... ജാതിരഹിതവും സമത്വപൂർണവുമായ സമൂഹമാണ് ഭരണഘടന നിലവിൽ വന്നപ്പോഴുള്ള ലക്ഷ്യം. നിങ്ങളുടെ ചിന്തകൾ മൗലികവും മികച്ചതുമാണ്. ജാതി സംവരണം ഇല്ലാതാക്കണം എന്ന തീരുമാനമെടുക്കേണ്ടത് സർക്കാറാണ്' -എന്നാണ് ബഞ്ച് മറുപടി നൽകിയത്.
'മിസ്റ്റർ പിൻഗ്ല, നിങ്ങൾ ശരിയാകാം. ഇത് തുടക്കമാണ്. എല്ലാ സംവരണവും പോകണം. ദുർബല വിഭാഗങ്ങൾക്കുള്ള സംവരണം മാത്രം നിലനിൽക്കണം. എന്നാൽ ഇതെല്ലാം നയപരമായ കാര്യങ്ങളാണ്' - ബഞ്ച് തുടർന്നു.
ദുർബല വിഭാഗങ്ങൾക്ക് സംവരണം കൊണ്ട് മാത്രം കാര്യമില്ലെന്നും വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് പ്രത്യേകം പദ്ധതികൾ തന്നെ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
സംവരണം അമ്പത് ശതമാനം കടക്കരുത് എന്ന ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമോ എന്ന വിഷയത്തിലാണ് കോടതി വാദം കേൾക്കുന്നത്. സംവരണ പരിധി അമ്പത് ശതമാനം കടക്കാമെന്നും വിധി പുനഃപരിശോധിക്കാമെന്നുമാണ് കേരളം കോടതിയെ അറിയിച്ചിട്ടുള്ളത്.
ജസ്റ്റിസ് അശോക് ഭൂഷണ് പുറമേ, ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, എസ് അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ് രവിചന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചിലുള്ളത്.
Adjust Story Font
16