യു.പിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; ചികിത്സയിലുണ്ടായിരുന്ന 150ഓളം രോഗികളെ പുറത്തെത്തിച്ചു
രോഗികളെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. ഹൃദ്രോഗവിഭാഗത്തിലാണ് തീപടർന്നത്. തീപിടുത്തം നടന്ന സമയത്ത് 150ഓളം രോഗികൾ ചികിത്സയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രോഗികളെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. കാൺപുരിലെ സർക്കാർ ആശുപത്രിയിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തീ നിയന്ത്രണ വിധേയമാക്കി.
ഒമ്പതുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് കമീഷണർ അസീം അരുൺ അറിയിച്ചു.
ആശുപത്രിയിലെ സ്റ്റോർ റൂമിലാണ് ആദ്യം തീപടർന്നത്. മറ്റു വിഭാഗങ്ങളിലേക്ക് തീ വ്യാപിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ല ഭരണകൂടത്തോട് റിപ്പോർട്ട് തേടിയതായും രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Adjust Story Font
16