മ്യാന്മറിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഭക്ഷണവും താമസവും നൽകുന്നത് വിലക്കി മണിപ്പൂർ സർക്കാർ
അഭയം ചോദിച്ച് എത്തുന്നവരെ മാന്യമായി തിരിച്ചയക്കണമെന്നും ഉത്തരവിൽ പറയുന്നു
മ്യാന്മറിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഭക്ഷണമോ താമസമോ നൽകുന്നതിൽ നിന്ന് നാട്ടുകാരെയും പ്രാദേശിക ഭരണകൂടങ്ങളെയും വിലക്കി മണിപ്പൂർ സർക്കാർ ഉത്തരവ്. മനുഷ്യത്വപരമായ പരിഗണന അർഹിക്കുന്നതും ഗുരുതര പരിക്കുകൾ ഉള്ളവർക്കും ചികിത്സ സഹായം മാത്രം നൽകാമെന്നും ഉത്തരവിൽ പറയുന്നു.
മ്യാൻമാരിൽ സൈന്യം പ്രതിഷേധക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച യാങ്കൂണിൽ സൈന്യം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് തൊണ്ണൂറ് പേരെയെങ്കിലും വെടിവെച്ചു കൊന്നിരുന്നു.
വെള്ളിയാഴ്ച തന്നെ മണിപ്പൂർ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭയാർത്ഥികൾക്ക് താമസവും ഭക്ഷണവും നൽകാനായി ക്യാമ്പുകൾ തുടങ്ങരുതെന്നും നിർദേശമുണ്ട്.
"അഭയം ചോദിച്ച് എത്തുന്നവരെ മാന്യമായി തിരിച്ചയക്കണം" - ഉത്തരവിൽ പറയുന്നു.
ആധാറിൽ പേര് ചേർക്കുന്ന പ്രവൃത്തി അടിയന്തിരമായി നിർത്തിവെക്കണമെന്നും ആധാർ കിറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബൈറൺ സിംഗ് സർക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു. മനുഷ്യത്വവിരുദ്ധവും രാജ്യത്തിൻറെ ദീർഘകാല പാരമ്പര്യത്തിന് എതിരാണെന്നുമാണ് വിമർശനം.
Adjust Story Font
16