ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക
ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അസാനിക്കും. നന്ദിഗ്രാം അടക്കം ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി മമത ബാനർജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടെ 30 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിഎംസിക്ക് നന്ദിഗ്രാമിൽ 67 ശതമാനവും ലോക്‌സഭ തെരഞ്ഞെടുപ്പിൽ 63 ശതമാനവുമാണ് വോട്ട് വിഹിതം. ബിജെപി 6% ൽ നിന്ന് 39% ലേക്ക് എത്തുകയും ചെയ്തിരുന്നു. സംസ്‌കാരത്തെ സ്‌നേഹിക്കാത്തവർക്ക് രാഷ്ട്രീയം സാധ്യമല്ലെന്നും നന്ദിഗ്രാമിൽ അധികാരി കുടുംബം ഗുണ്ടായിസം കളിക്കുന്നു എന്നുമാണ് മമത ബാനർജിയുടെ ആരോപണം. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന മമത ബംഗാളിനെ മിനി പാകിസ്താനാക്കി എന്നാണ് സുവേന്ദു അധികാരിയുടെ പ്രചാരണം.
രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങൾ ബൂത്തിലെത്തുന്ന അസമിൽ 345 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വികസനം ഉയർത്തി ബി.ജെ.പി പ്രചാരണം തുടരുമ്പോൾ സിഎഎയും തൊഴിലില്ലായ്മയുമാണ് കോൺഗ്രസിന്റെ പ്രചാരണ വിഷയങ്ങൾ.
Adjust Story Font
16