Quantcast

ഇന്ത്യക്കെതിരെ വീണ്ടും യു.എസ് റിപ്പോര്‍ട്ട്; ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു

MediaOne Logo

Web Desk

  • Published:

    31 March 2021 9:59 AM GMT

ഇന്ത്യക്കെതിരെ വീണ്ടും യു.എസ് റിപ്പോര്‍ട്ട്; ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു
X

ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യ നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം, അഴിമതി, മതസ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും, അനധികൃത അറസ്റ്റുകളെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര നടപടിയേയും, സെന്‍സര്‍ഷിപ്പിനെയും, വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിന്റെ പേരില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്ത നടപടിയില്‍ യു.എസ് റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് പരമാര്‍ശിച്ചുകൊള്ളുള്ള ട്വീറ്റിന്റെ പേരില്‍ 'ദ വയര്‍' എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ കേസെടുത്തതിനെയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

അതേസമയം കശ്മീരില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞുവെന്നും യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് അമേരിക്ക പറഞ്ഞിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡ (യു.എസ്.സി.ഐ.ആർ.എഫ്) മാണ് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story