മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി.
മുബൈ: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് രാജിവച്ചു. അഴിമതിയാരോപണം ഉയർന്നതിനെ തുടർന്നാണ് രാജി. പാർട്ടി നേതാവ് നവാബ് മാലിക്കാണ് രാജിവയ്ക്കുന്ന കാര്യം അറിയിച്ചത്.
അനിൽ ദേശ്മുഖിനെതിരെ മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി.
15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമായ ദീപാങ്കർ ദത്ത, ജിഎസ് കുൽക്കർണി എന്നിവരാണ് ഹർജികൾ പരിഗണിച്ചത്.
നിയമനത്തിലും സ്ഥലംമാറ്റത്തിലും മന്ത്രി കൈക്കൂലി വാങ്ങിയെന്നും ഹർജിക്കാർ ആരോപിച്ചു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം തുടർ അന്വേഷണം ആവശ്യമാണെങ്കിൽ സിബിഐക്ക് മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചു. മുകേഷ് അംബാനിക്കെതിരെയുള്ള ഭീഷണിക്കേസിൽ അറസ്റ്റിലായ പൊലീസ് ഓഫിസർ സച്ചിൻ വസെയോട് പ്രതിമാസം 100 കോടി പിരിച്ചു നൽകാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീർ സിങ് ആരോപിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നൽകിയ കത്തിലാണ് ആരോപണം. എന്നാൽ, ആരോപണം അനിൽ ദേശ്മുഖ് തള്ളിയിരുന്നു.
Adjust Story Font
16