ശ്മശാനങ്ങളിൽ ഊഴം കാത്ത് മൃതദേഹങ്ങൾ; കോവിഡിൽ പകച്ച് ഗുജറാത്ത്
കോവിഡ് മരണ വിവരങ്ങള്‍ ഗുജറാത്ത് മറച്ചു വയ്ക്കുന്നു എന്നാണ് ആരോപണം
സൂറത്ത്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നൂകുടുന്നതായി റിപ്പോർട്ട്. സംസ്‌കാരത്തിനായി മരിച്ചവരുടെ ബന്ധുക്കൾ ഊഴം കാത്തു കഴിയുകയാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം തരംഗത്തിൽ 49 പേർ മാത്രമാണ് മരിച്ചത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇതിലുമെത്രയോ വലുതാണ് മരിച്ചവരുടെ എണ്ണം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലുള്ളത്.
കോവിഡിന് മുമ്പ് സൂറത്തിലെ രാംനാഥ് ഘേല ശ്മശാനം, ജഹാൻഗിപുരയിലെ കുരുക്ഷേത്ര ശ്മശാനം എന്നിവിടങ്ങളിൽ ശരാശരി 20 മൃതദേഹങ്ങളാണ് സംസ്‌കരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി 80 മൃതദേഹങ്ങൾ സംസ്‌കാരത്തിനായി എത്തിയിട്ടുണ്ട്.
സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനി കുമാർ ക്രിമിറ്റോറിയത്തിൽ ഇപ്പോൾ ദിനംപ്രതി 110 മൃതദേഹങ്ങളാണ് സംസ്‌കാരത്തിനായി എത്തുന്നത്. കോവിഡിന് മുമ്പ് ഇത് ശരാശരി 30 മാത്രമായിരുന്നു. അശ്വിനി കുമാർ ശ്മശാനത്തിൽ മൃതദേഹങ്ങൾ വരിവരിയായി കാത്തുകിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
രാജ്‌കോട്ടില്‍ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിനും എട്ടിനും ഇടയിൽ 89 പേർ മരിച്ചു. എന്നൊൽ അതിൽ 14 പേർ മാത്രമാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും മറ്റുളളവർ ഇതര രോഗങ്ങളുളളവരായിരുന്നുവെന്നും അധികൃതർ പറയുന്നു. എന്നാല്‍ 89 പേരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്‌കരിച്ചത്.
അഹമ്മദാബാദിൽ വദാജ്, ദുധേശ്വർ, തൽതജ് ശ്മശാനങ്ങളിലായി രണ്ടു ഡസണ്‍ മൃതദേഹങ്ങൾ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്‌കരിച്ചിരുന്നു. എന്നാൽ അഹമ്മദാബാദ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 16 കോവിഡ് മരണങ്ങൾ മാത്രമാണ്.
അതേസമയം, കോവിഡ് മരണവിവരങ്ങള്‍ സർക്കാർ മറച്ചുപിടിക്കുന്നു എന്ന ആരോപണം മുഖ്യമന്ത്രി വിജയ് രൂപാണി തള്ളി. ഐസിഎംആർ നിഷ്‌കർഷിച്ച രീതിയിലാണ് സർക്കാർ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Adjust Story Font
16