ബംഗാളില്‍ ബിജെപിയെ വിലകുറച്ച് കാണാനാകില്ല: പ്രശാന്ത് കിഷോര്‍
എതിരാളികളുടെ ശക്തി തിരിച്ചറിയുന്നു എന്നതിനര്‍ഥം താന്‍ അവരുടെ ആരാധകനാണ് എന്നല്ലെന്ന് പ്രശാന്ത് കിഷോര്‍
പശ്ചിമ ബംഗാളിൽ ബിജെപി പ്രബല രാഷ്ട്രീയ ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അവരെ വിലകുറച്ച് കാണാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം സംബന്ധിച്ച് സമൂഹ മാധ്യമമായ ക്ലബ് ഹൗസിലെ പ്രശാന്ത് കിഷോറിന്‍റെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
ബംഗാളിൽ ബിജെപി പ്രബല ശക്തിയാണ്. അതില്‍ രണ്ട് അഭിപ്രായമില്ല. എന്നാൽ സീറ്റുകളുടെ എണ്ണത്തില്‍ അവര്‍ 100 കടക്കില്ല. തൃണമൂൽ ആണ് വിജയിക്കാൻ പോകുന്നത്. വലിയ വിജയം നേടും. ആദ്യ നാല് ഘട്ടങ്ങളില്‍ കടുത്ത പോരാട്ടമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ബിജെപിക്ക് അതിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും തൃണമൂല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി'- പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ജനകീയനാണെന്ന ക്ലബ് ഹൗസിലെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പബ്ലിക് പ്ലാറ്റ്ഫോമിലെ ചാറ്റ് ചോര്‍ന്നു എന്ന് എങ്ങനെ പറയാന്‍ കഴിയും എന്നാണ് പ്രശാന്ത് കിഷോറിന്‍റെ ചോദ്യം. ബംഗാളില്‍ ബിജെപിയുടെ വിജയം പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു എന്ന തരത്തിലാണ് ബിജെപി അനുകൂലികള്‍ പ്രചരിപ്പിച്ചത്.
എതിരാളികളുടെ ശക്തി തിരിച്ചറിയുന്നു എന്നതിനര്‍ഥം താന്‍ അവരുടെ ആരാധകനാണ് എന്നല്ല. ബംഗാളില്‍ ബിജെപിക്ക് ആരെല്ലാമാണ് വോട്ട് ചെയ്യാന്‍ പോകുന്നതെന്നാണ് താന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. മോദിയുടെ ജനപ്രീതി, ധ്രുവീകരണം, ദലിതരുടെയും ഹിന്ദി സംസാരിക്കുന്നവരുടെയും പിന്തുണ എന്നിവയാണ് ബിജെപിക്ക് വോട്ട് കിട്ടാന്‍ കാരണമെന്നാണ് താന്‍ പറഞ്ഞത്. ബിജെപി ശക്തരാണ് എന്നതിനര്‍ഥം അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്നല്ല. സംസ്ഥാനത്തെ ഏറ്റവും കരുത്തയായ നേതാവ് മമത ബാനർജി തന്നെയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഭരണവിരുദ്ധ വികാരമുണ്ടോ എന്ന് കണ്ടെത്തേണ്ടതും തന്‍റെ ജോലിയാണ്. പ്രാദേശിക തലത്തില്‍ ഭരണവിരുദ്ധ വികാരമുണ്ട്. അതിന് കാരണം പ്രാദേശിക നേതാക്കളോടുള്ള എതിര്‍പ്പാണ്. മമത തന്നെയാണ് ബംഗാളിലെ ജനങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന, ഏറ്റവും വിശ്വസിക്കുന്ന നേതാവെന്നും പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടു.
Adjust Story Font
16