സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി ഡോസ് കൂടി വാങ്ങാൻ ഓർഡർ നൽകി കേന്ദ്രം
25 കോടി ഡോസ് കോവിഷീൽഡും 19 കോടി ഡോസ് കോവാക്സിനും വാങ്ങാനാണ് ഓർഡർ നൽകിയിരിക്കുന്നത്
സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി ഡോസ് വാക്സിൻ കൂടി വാങ്ങാൻ ഓർഡർ നൽകി കേന്ദ്രസർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും പുതുതായി വാങ്ങാനാണ് ഓർഡർ നൽകിയിരിക്കുന്നത്.
രണ്ട് കമ്പനികൾക്കും വാക്സിൻ തുകയുടെ 30 ശതമാനം അഡ്വാൻസ് നൽകിയതായും അധികൃതർ പറഞ്ഞു. ആഗസ്റ്റ് മുതലാണ് വാക്സിൻ ലഭിച്ച് തുടങ്ങുക. കേന്ദ്രസർക്കാറിന്റെ വാക്സിൻ വിതരണ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഇടപെട്ടതിനു പിന്നാലെയായിരുന്നു തിരുത്തൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
അതേസമയം പുതിയ വാക്സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആവശ്യമുള്ള പണം സര്‍ക്കാരിന്‍റെ കൈവശമുണ്ടെന്നും സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന് പുറമെ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിന് കഴിഞ്ഞയാഴ്ച കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ടെന്നും അത് സെപ്തംബറോടെ ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Adjust Story Font
16