നന്ദി, ഇതാണ് നേതൃത്വം.. രാഹുലിനോട് സ്വര ഭാസ്കര്‍
കോവിഡ് പശ്ചാത്തലത്തില്‍ റാലികള്‍ റദ്ദാക്കിയ രാഹുലിന് നന്ദി പറഞ്ഞ് സ്വര ഭാസ്കര്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി രാഹുൽ ഗാന്ധി അറിയിക്കുകയുണ്ടായി. പിന്നാലെ രാഹുലിന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്കര്‍ രംഗത്തെത്തി.
'നന്ദി, അതെ.. നേതൃത്വം' എന്നാണ് സ്വര ട്വീറ്റ് ചെയ്തത്.
THANK YOU, YES!!!!!!!!!!! #Leadership https://t.co/yMw3ly4b1P
— Swara Bhasker (@ReallySwara) April 18, 2021
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ റാലികള്‍ നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിനിടെ റാലികളുണ്ടാക്കുന്ന പ്രത്യാഘാതം എല്ലാ നേതാക്കളും മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
In view of the Covid situation, I am suspending all my public rallies in West Bengal.
— Rahul Gandhi (@RahulGandhi) April 18, 2021
I would advise all political leaders to think deeply about the consequences of holding large public rallies under the current circumstances.
അതേസമയം പശ്ചിമ ബംഗാളിലെ അസാൻസോളിൽ പ്രധാനമന്ത്രി കൂറ്റൻ ബിജെപി റാലിയെ അഭിസംബോധന ചെയ്തു. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ന്, നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചു. അടുത്ത ഘട്ടം കൂടുതല്‍ പ്രധാനമാണ്. ഇനി വോട്ടുചെയ്യുക, മറ്റുള്ളവരെയും അതില്‍ പങ്കെടുപ്പിക്കുക എന്നാണ് നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം പ്രതിസന്ധയിലായിരിക്കെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ചർച്ചയായി. പലയിടത്തും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിരോധനാജ്ഞയും ലോക്ഡൌണിന് സമാനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനിടെയാണ് വന്‍ജനാവലിയെ പ്രധാനമന്ത്രി പുകഴ്ത്തിയത്.
കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നുമാണ് അമിത് ഷാ പറഞ്ഞത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പുണ്ടോ? അവിടെ 60,000ത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ 4000 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്കും പശ്ചിമ ബംഗാളിനും സഹായമെത്തിക്കുന്നുണ്ട്. ധൃതിപിടിച്ച് ലോക്ക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി.
Adjust Story Font
16