ക്ഷാമത്തിനിടെ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കേന്ദ്രത്തോട് ജഗന്‍ മോഹന്‍ റെഡ്ഡി
സ്വകാര്യ ആശുപത്രികള്‍ അമിതമായ വില വാക്സിനേഷന് ഈടാക്കുന്നുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി
വാക്സിന്‍റെ പരിമിതമായ ലഭ്യത കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ അമിതമായ വില വാക്സിനേഷന് ഈടാക്കുന്നുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.
ഓരോ ഡോസ് വാക്സിനും സ്വകാര്യ ആശുപത്രികൾ 2,000-25,000 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് ജഗ്ഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഈ ഡോസുകളെ ലോകത്തിലെ ചെലവേറിയ ഒന്നാക്കി മാറ്റുകയും സമൂഹത്തിന്‍റെ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്യും. വാക്സിന്‍ പൊതുജനത്തിന്‍റെ നല്ലതിന് വേണ്ടിയുള്ളതാണ്, അത് സൌജന്യമായി നല്‍കിയില്ലെങ്കില്‍ ജനത്തിന് താങ്ങാവുന്ന നിരക്കിലെങ്കിലും നല്‍കണമെന്നും ജഗന്‍ മോഹന്‍ ആവശ്യപ്പെടുന്നു.
45 വയസിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണ്ണമായും വാക്സിന്‍ നല്‍കാനാവാത്ത സാഹചര്യത്തില്‍ അടുത്ത കുറച്ച് മാസത്തേക്ക് 18-44 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിനേഷന് ഒരു സാധ്യതയുമില്ല. ചില സ്വകാര്യ ആശുപത്രികളെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് അമിത നിരക്കിൽ വാക്സിനേഷൻ നൽകാൻ അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. ദരിദ്ര വിഭാഗങ്ങള്‍ക്ക് ഇത് താങ്ങാനാവില്ലെന്ന് മാത്രമല്ല, വാക്സിന്‍ കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16