പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസ് സംപ്രേഷണം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് ഡൽഹി സർക്കാർ
ഓക്‌സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല - കെജ്‌രിവാൾ യോഗത്തിൽ ചോദിച്ചു
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിലെ ചർച്ച ടിവിയിലൂടെ തൽസമയം സംപ്രക്ഷേപണം ചെയ്തതില്‍ മാപ്പ് ചോദിച്ച് ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ്. വീഡിയോ കോൺഫറൻസ് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശം ലഭിച്ചിരുന്നില്ലെന്നും രഹസ്യ സ്വാഭാവമുളള ഒന്നും ചർച്ചയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. കേന്ദ്രത്തിനുണ്ടായ അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെജ്‍രിവാളിന്റെ ഓഫീസ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് സംപ്രക്ഷേപണം ചെയ്ത നടപടിക്കെതിരെ കേന്ദ്രം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കെജ്‌രിവാൾ പങ്കെടുത്ത ഭാഗമാണ് തൽസമയം പ്രക്ഷേപണം ചെയ്തത്.
കെജ്‌രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്നും നുണപരത്തുകയാണെന്നും കേന്ദ്രം ആരോപിച്ചു. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഡൽഹിയിൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യോഗത്തിൽ കെജ്‌രിവാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള ചർച്ച സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. കെജ്‌രിവാൾ സ്വയം താഴുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ ആരോപിച്ചു. കെജ്‌രിവാൾ വാക്സിൻ വില സംബന്ധിച്ച് നുണപരത്തുകയാണ്. കഴിഞ്ഞ യോഗത്തിൽ ക്ഷീണത്തോടെ കോട്ടുവായിടുകയും ചിരിക്കുകയും ചെയ്ത ആളാണ് കെജ്രിവാളെന്നും കേന്ദ്രം പരിഹസിച്ചു. ഇന്നത്തെ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ എന്ത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ കെജ്രിവാളിന് അദ്ദേഹം ചെയ്തതിനെ സംബന്ധിച്ച് ഒന്നും പറയാനില്ലായിരുന്നെന്നും കേന്ദ്രം വിമര്‍ശിച്ചു. .
ഡൽഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കാൻ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ എന്നാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യോഗത്തില്‍ ചോദിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കർശന നടപടിയെടുത്തില്ലെങ്കിൽ ഡൽഹിയിൽ ഒരു ദുരന്തം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹി നഗരത്തിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹിയിൽ ഓക്സിജൻെറ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻറ് ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക്ക് ഓക്സിജൻ ലഭിക്കില്ലേ? -കെജ്‌രിവാൾ യോഗത്തിൽ ചോദിച്ചു. ഓക്‌സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ദുരന്തമുണ്ടാകും. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല -കെജ്‌രിവാൾ പറഞ്ഞു.
Adjust Story Font
16