ഇന്ത്യ എല്ലാവരെയും സഹായിച്ചിട്ടുണ്ട്, ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കണം: ചാള്‍സ് രാജകുമാരന്‍
ഇന്ത്യയോടുള്ള സ്നേഹവും സൗഹൃദവുമെല്ലാം ചാള്‍സ് രാജകുമാരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി
കോവിഡ് രണ്ടാം ഘട്ടത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യയെ എല്ലാവരും സഹായിക്കണമെന്ന് ചാള്‍സ് രാജകുമാരന്‍. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് ആണ് ചാള്‍സ് രാജകുമാരന്‍റെ പ്രസ്താവന പുറത്തുവിട്ടത്. ഇന്ത്യയോടുള്ള സ്നേഹവും സൗഹൃദവുമെല്ലാം ചാള്‍സ് രാജകുമാരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
'എല്ലാവരെയും പോലെ എനിക്കും ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. അവിടേക്ക് നടത്തിയ യാത്രകൾ ഏറെ ആസ്വദിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ സഹായവുമായി എത്തിയിട്ടുണ്ട്. ഇപ്പോൾ നമ്മള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മൾ ഒരുമിച്ച് ഈ യുദ്ധം ജയിക്കും'- ചാള്‍സ് രാജകുമാരന്‍ പറഞ്ഞു.
ചാള്‍സ് രാജകുമാരന്‍ തുടങ്ങിയ ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് 'ഓക്സിജന്‍ ഫോര്‍ ഇന്ത്യ' എന്ന പേരില്‍ ഇതിനകം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാന്‍ പദ്ധതി തുടങ്ങി. ഇതിനുള്ള ഫണ്ട് സമാഹരിക്കാന്‍ ബ്രിട്ടീഷ് ഇന്‍റര്‍നാഷണല്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ട്രസ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു മില്യൺ ന്യൂസിലൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാണ് ഈ തുക നൽകുക. ഇതു ഉപയോഗിച്ച് ഓക്സിജൻ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ആവശ്യമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യും.
കോവിഡില്‍ തളര്‍ന്ന രാജ്യത്തിന് ഊര്‍ജം പകരാന്‍ രണ്ട് വിമാനം നിറയെ ഓക്സിജന്‍ സിലിണ്ടറുകളെത്തിക്കുമെന്ന് സിംഗപൂരും വാഗ്ദാനം നല്‍കി. സിംഗപൂര്‍ എയര്‍ഫോഴ്സിന്‍റെ സി-130 വിമാനങ്ങളിലായി 256 ഓക്സിജന്‍ സിലിണ്ടറുകളാണ് ഇന്ത്യയിലെത്തുക. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ ഈ പ്രതിസന്ധിയില്‍ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.
Adjust Story Font
16