Quantcast

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളില്ല; വിവാദനിയമത്തിന് അംഗീകാരം നൽകി അസം

രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാൻ കഴിയില്ല

MediaOne Logo

Web Desk

  • Published:

    20 Jun 2021 3:32 AM GMT

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളില്ല; വിവാദനിയമത്തിന് അംഗീകാരം നൽകി അസം
X

ഗോഹട്ടി: രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിച്ച് അസമിലെ ബിജെപി സർക്കാർ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിലും സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനും ഇവർക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. ഇതോടെ സംസ്ഥാനത്ത് രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാൻ കഴിയില്ല. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകാനും കഴിയില്ല.

സർക്കാർ പദ്ധതികളിൽ പതിയെ ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ ശക്തിപ്പെടുത്തുമെന്ന് തീരുമാനം പ്രഖ്യാപിക്കവെ മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ പറഞ്ഞു. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പ്രധാനമന്ത്രി ആവാസ് യോജ്‌നയ്ക്കു കീഴിലുള്ള ഭവനപദ്ധതി തുടങ്ങി രണ്ട് കുട്ടി നയം നടപ്പാക്കാൻ കഴിയാത്ത ചില പദ്ധതികളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമീപഭാവിയിൽത്തന്നെ ജനസംഖ്യാ-വനിതാ ശാക്തീകരണ നയം സർക്കാർ നടപ്പിൽ വരുത്തും. തേയിലത്തോട്ട തൊഴിലാളികൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കും. അതിനിടെ, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കോൺഗ്രസ് ചില റിപ്പോർട്ടുകൾ ഉന്നയിച്ച് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 2015-'16-ലെ 2.2-ൽ നിന്ന് 2020-'21-ൽ 1.9 ആയി കുറഞ്ഞു. അതായത് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാൾ കുറവായിരിക്കും - കോൺഗ്രസ് വ്യക്തമാക്കി.

TAGS :

Next Story