Quantcast

ഇന്ത്യയില്‍ കുടുങ്ങിയ ആസ്ട്രേലിയന്‍ ബിസിനസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ്​ വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയത് ആയിരക്കണക്കിനാളുകളെയാണ് ദുരിതത്തിലാക്കിയത്.

MediaOne Logo

Web Desk

  • Published:

    18 May 2021 8:57 AM GMT

ഇന്ത്യയില്‍ കുടുങ്ങിയ ആസ്ട്രേലിയന്‍ ബിസിനസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു
X

യാത്രാ വിലക്ക് നിലനില്‍ക്കെ ആസ്ട്രേലിയയിലേക്ക് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ ബിസിനസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. സിഡ്നി ആസ്ഥാനമായ ട്രിന സോളാര്‍ കമ്പനിയുടെ മാനേജര്‍ ഗോവിന്ദ് കാന്താണ് മരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ആസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത് ആയിരക്കണക്കിനാളുകള്‍ക്ക് വിനയായിരുന്നു.

ഏപ്രില്‍ മാസത്തില്‍ സ്വകാര്യ ആവശ്യത്തിനായി ആസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയതായിരുന്നു ഗോവിന്ദ് കാന്ത്. ഏപ്രില്‍ മധ്യത്തോടെ തിരിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏപ്രില്‍ 24ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരികെ പോകാനിരിക്കെയാണ് അദ്ദേഹം കോവിഡ് പോസിറ്റീവായത്. തന്നെ തിരികെയെത്തിക്കാന്‍ അദ്ദേഹം ബന്ധുക്കളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാത്രാവിലക്കു നിലനില്‍ക്കുന്നതിനാല്‍ അതിനു കഴിഞ്ഞില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗോവിന്ദ് കാന്തിന്‍റെ മരണം കമ്പനി സ്ഥിരീകരിച്ചത്. യാത്രാവിലക്കു കാരണം ഇന്ത്യയില്‍ കുടുങ്ങി കോവിഡിന് കീഴടങ്ങുന്ന രണ്ടാമത്തെ ആസ്ട്രേലിയന്‍ പൗരനാണ് ഗോവിന്ദ് കാന്തെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആസ്​ട്രേലിയൻ പൗരൻമാരെ ഇന്ത്യയിൽനിന്ന്​ സ്വദേശത്തേക്ക്​ കൊണ്ടുപോകാനായി മെയ് 15 മുതൽ വിമാന സർവിസ്​ പുനരാരംഭിച്ചിട്ടുണ്ട്. ജൂൺ അവസാനത്തോടെ ആയിരത്തോളം ആസ്‌ട്രേലിയക്കാർക്ക്​ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ്​​ കരുതുന്നത്​. ദുർബല അവസ്ഥയിലുള്ള പൗരൻമാർക്ക്​ മുൻഗണന നൽകും.

കോവിഡ്​ വ്യാപനം തടയുന്നതി​ന്‍റെ ഭാഗമായി കഴിഞ്ഞ മാസമാണ്​ ആസ്​ട്രേലിയൻ പ്രസിഡന്‍റ് സ്​കോട്ട്​ മോറിസൺ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ നിരോധിച്ചത്. കൂടാതെ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിൽനിന്ന്​ ആസ്ട്രേലിയയിലേക്ക്​ വരുന്നവർക്കെതിരെ ജയിൽ ശിക്ഷയും കനത്ത പിഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയർന്നത്​. ഏകദേശം ഒമ്പതിനായിരത്തോളം ആസ്​ട്രേലിയക്കാർ ഇന്ത്യയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

TAGS :

Next Story