അമ്മ മരിച്ചതറിയാതെ കുഞ്ഞ്; മൃതദേഹത്തിനരികെ ഒന്നരവയസ്സുകാരന്‍ പട്ടിണികിടന്നത് രണ്ടുദിവസം
വനിതാ പൊലീസ് ഉദ്യോഗസ്ഥകളാണ് കുഞ്ഞിനെ എടുക്കുകയും പാലുകൊടുക്കുകയും ചെയ്തത്.
മരിച്ച അമ്മയ്ക്കരികെ ഭക്ഷണമൊന്നും ലഭിക്കാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം. കോവിഡ് ഭയന്ന് വീട്ടിലേക്കാരും വരാതിരുന്നതോടെയാണ് കുഞ്ഞിന് രണ്ട് ദിവസം വീട്ടിനുള്ളില്‍ പട്ടിണിക്കിടക്കേണ്ടിവന്നത്. അവസാനം പൊലീസ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചതും മൃതദേഹം പുറത്തെടുത്തതും.
തിങ്കളാഴ്ചയാണ് പൊലീസ് എത്തി വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നത്. അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു കുഞ്ഞ്. ശനിയാഴ്ചയാണ് യുവതി മരിച്ചതെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ രണ്ടു ദിവസം മുഴുവനും ആ ഒന്നര വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞ് വെള്ളവും ഭക്ഷണവുമില്ലാതെയാണ് ആ വീട്ടില്‍ കഴിഞ്ഞത് എന്നതാണ് നൊമ്പരമാകുന്നത്.
പൊലീസ് എത്തിയിട്ടും അയല്‍വാസികളാരും കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. കോവിഡ് ബാധമൂലമാണോ യുവതിയുടെ മരണം സംഭവിച്ചത് എന്ന സംശയത്തിലായിരുന്നു നാട്ടുകാര്‍. അവസാനം വനിതാ പൊലീസ് ഉദ്യോഗസ്ഥകളാണ് കുഞ്ഞിനെ എടുക്കുകയും പാലുകൊടുക്കുകയും ചെയ്തത്. പൊലീസ് കോൺസ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസുവിന്റെയും നന്മ നിറഞ്ഞ മനസ്സിനെ അഭിനന്ദിക്കുകയാണ് ഇന്ന് രാജ്യം.
''എനിക്കു രണ്ട് കുട്ടികളുണ്ട്. ഒരാൾക്ക് എട്ടും ഒരാള്‍ക്ക് ആറും. ഈ കുഞ്ഞിനെ കണ്ടപ്പോൾ സ്വന്തമെന്ന പോലെയാണ് എനിക്ക് തോന്നിയത്. അവന് നല്ല വിശപ്പുണ്ടായിരുന്നു.. കൊടുത്ത പാല്‍ എല്ലാം വേഗം കുടിച്ചു''- സുശീല പറയുന്നു. കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നുവെന്നും ഡോക്ടറെ കാണിച്ചു, മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് രേഖ കൂട്ടിച്ചേര്‍ത്തു. ബിസ്ക്കറ്റും വെള്ളവുമൊക്കെ കഴിപ്പിച്ച ശേഷമാണ് കുഞ്ഞിന് കോവിഡ് ടെസ്റ്റും നടത്തി, ഫലം നെഗറ്റീവാണെന്നും രേഖ പറഞ്ഞു. കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. കോവിഡി ബാധിച്ചാണോ യുവതി മരിച്ചതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പരിശോധനഫലം വരണമെന്നും പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. അയാള്‍ തിരിച്ചെത്താനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16