രണ്ടാം തരംഗത്തിൽ കാരണമറിയാത്ത 75,000 മരണങ്ങൾ; ബിഹാറിലെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ബിഹാറിൽ 2.2 ലക്ഷം പേരാണ് മരിച്ചത്. എന്നാൽ, ഇതേ കാലയളവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്
ബിഹാറിൽ കോവിഡ് തരംഗത്തിനിടയിൽ കാരണമറിയാത്ത 75,000 മരണങ്ങൾ! കഴിഞ്ഞ അഞ്ചു മാസത്തിനിടെയാണ് ഇത്രയും പേരുടെ മരണത്തെക്കുറിച്ച് കൃത്യമായ കാരണം വ്യക്തമല്ലാത്തതെന്നാണ് റിപ്പോർട്ട്. ബിഹാറിലെ ഔദ്യോഗിക കോവിഡ് മരണനിരക്കിന്റെ പത്തിരട്ടി വരും ഇത്. സംസ്ഥാനവും കേന്ദ്രവും കോവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ മരണസംഖ്യ പുറത്തുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ സിവിൽ രജിസ്‌ട്രേഷൻ സംവിധാനത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. 2019 ജനുവരി-മെയ് കാലയളവിൽ ബിഹാറിൽ 1.3 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, 2021ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് മരിച്ചത് 2.2 ലക്ഷം പേരാണ്. മുൻവർഷത്തെ അപേക്ഷിച്ച് 82,500 മരണമാണ് ഇത്തവണ അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെയും കഴിഞ്ഞ മാസമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബിഹാറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഔദ്യോഗിക കോവിഡ് മരണം 7,717 ആണ്. ഇതിലേക്ക് 3,951 മരണങ്ങൾകൂടി ഈ മാസം സംസ്ഥാന സർക്കാർ ചേർത്തിരുന്നു. 2021ലെ കോവിഡ് മരണനിരക്കാണ് ഇതെന്നാണ് അറിയുന്നത്. ഇതുകൂടി ചേർത്താലും ആകെ മരണത്തിൽ 74,808 എണ്ണം മുൻവർഷത്തെക്കാൾ അധികം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മരണങ്ങൾ എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് വ്യക്തതയില്ല.
കോവിഡ് മരണനിരക്ക് സംസ്ഥാനം മറച്ചുവച്ചതാണെന്നാണ് ആരോപണം ഉയരുന്നത്. അല്ലാതെ ഒരു വർഷത്തിൽ ഇത്രയും മരണങ്ങൾ അധികം സംഭവിക്കാൻ സാധ്യതയില്ലെന്നാണ് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. സമാനമായി മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, ഡൽഹി എന്നിവിടങ്ങളിലും കൃത്യമായി കാരണം വ്യക്തമല്ലാത്ത ലക്ഷക്കണക്കിനു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ 4.8 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16