Quantcast

വ്യാജ ടൂൾകിറ്റ് വിവാദത്തില്‍ ബി.ജെ.പി വക്താവ് സാംപിത് പത്രക്ക് പൊലീസ് സമൻസ്

എ.ഐ.സി.സി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് ഉണ്ടാക്കി വ്യാജമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നായിരുന്നു സാംപിത് പത്രക്കെതിരായ പരാതി

MediaOne Logo

Web Desk

  • Published:

    23 May 2021 10:26 AM GMT

വ്യാജ ടൂൾകിറ്റ് വിവാദത്തില്‍ ബി.ജെ.പി വക്താവ് സാംപിത് പത്രക്ക് പൊലീസ് സമൻസ്
X

കോണ്‍ഗ്രസ് ടൂള്‍ കിറ്റ് വിവാദത്തില്‍ ചത്തീസഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് പുറമെ ബി.ജെ.പി വക്താവ് സാംപിത് പത്രയോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്. മെയ് 23ന് വൈക്കുന്നേരം നാല് മണിക്ക് ഹാജരാകാനാണ് ചത്തീസ്ഗഡ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ഹാജരാകണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍.എസ്.യു.ഐ സമര്‍പ്പിച്ച പരാതിയിലാണ് സാംപിത് പത്രക്ക് പൊലീസ് സമന്‍സ് അയച്ചത്.

എ.ഐ.സി.സി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് ഉണ്ടാക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തു എന്നായിരുന്നു സാംപിത് പത്രക്കെതിരായ എന്‍.എസ്.യുവിന്റെ പരാതി. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പടുത്താന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് രൂപപ്പെടുത്തി എന്നാണ് സാംപിത് പത്ര ആരോപിച്ചത്. ടൂള്‍കിറ്റ് വഴി വ്യാജം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും പത്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റപ്പെടുത്തി.

എന്നാല്‍ വാദം തള്ളിയ കോണ്‍ഗ്രസ്, തങ്ങളുടെ പേരില്‍ സാംപിത് പത്ര വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണെന്ന് പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചകള്‍ മറച്ചുപിടിക്കാന്‍ ബി.ജെ.പി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസിനെതിരായ സാംപിത് പത്രയുടെ ട്വീറ്റിന് താഴെ വ്യാജ വാര്‍ത്തയാണെന്ന മുന്നറിയിപ്പും ട്വിറ്റര്‍ നല്‍കി. വ്യാജങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രമേ ബി.ജെ.പിക്ക് സാധിക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സാംപിത് പത്രക്ക് പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.എല്‍ സന്തോഷ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story