ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് പരാതി: സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസ്
കാന്തി മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്നും ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്
ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പശ്ചിമ ബംഗാളിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കെതിരെ കേസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്നും ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. കാന്തി മുൻസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം രത്നദീപ് മന്ന നൽകിയ പരാതിയിലാണ് നടപടി.
പരാതിയില്‍ പറയുന്നത് മെയ് 29നാണ് സംഭവം നടന്നതെന്നാണ്. സുവേന്ദു അധികാരിയുടെയും സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരിയുടെയും നിര്‍ദേശ പ്രകാരം കാന്തി മുൻസിപ്പൽ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാണ് പരാതി. ഗോഡൌണിന്‍റെ പൂട്ട് നിയമവിരുദ്ധമായി ബലമായി തകർത്ത് സാധനങ്ങൾ കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ജൂൺ ഒന്നിനാണ് ഇതുസംബന്ധിച്ച പരാതി കാന്തി പൊലീസ് സ്റ്റേഷനിലെത്തിയത്.
സായുധസേനയുടെ സുരക്ഷയിലാണ് മോഷണം നടന്നതെന്നും പരാതിയില്‍ പറയുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ദുരിതാശ്വാസ സാധനങ്ങൾ മോഷ്ടിക്കുകയാണെന്ന ആരോപണം ബിജെപി പല തവണ ഉയർത്തിയിരുന്നു. അതേ പരാതി തന്നെ പ്രമുഖ നേതാവിനെതിരെ ഉയര്‍ന്നതോടെ ബിജെപി പ്രതിരോധത്തിലായി. സംഭവത്തെ കുറിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുവേന്ദു ബിജെപിയിലെത്തിയത്. നന്ദിഗ്രാമില്‍ മമതയും സുവേന്ദു അധികാരിയും ഏറ്റുമുട്ടിയപ്പോള്‍ 1200 വോട്ടിന് സുവേന്ദു ജയിച്ചു. നിലവില്‍ ബംഗാള്‍ സഭയിലെ പ്രതിപക്ഷ നേതാവാണ് സുവേന്ദു അധികാരി.
Adjust Story Font
16