തുടർച്ചയായ രണ്ടാം ദിവസവും ഗംഗയിൽ ശവശരീരങ്ങൾ പൊങ്ങി
മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലെ ഗംഗാ തീരത്തും ശവശരീരങ്ങൾ പൊങ്ങി. തുടർച്ചയായ രണ്ടാം ദിവസമാണ് ഗംഗയിൽ ശവശരീരങ്ങൾ കാണപ്പെടുന്നത്. ഉത്തർപ്രദേശിലെ ഖാസിപൂരിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ബിഹാറിലെ ബക്സറിൽ ഇന്നലെ ശവശരീരങ്ങൾ പൊങ്ങിയത് രാജ്യത്ത് നടുക്കമുളവാക്കുകയും വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു. അതിനിടെയാണ്, ബക്സറിൽ നിന്നും 55 കിലോമീറ്റർ ദൂരത്തായി വീണ്ടും മൃതദേഹങ്ങൾ കാണപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിൽ കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ പശ്ചാതലത്തിൽ, മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുന്ന ഉൾഗ്രാമങ്ങളിൽ, മരിച്ചുപോകുന്ന രോഗികളെ ബന്ധുക്കൾ പുഴയിൽ തള്ളുന്നതാകാമെന്നാണ് സൂചനകൾ.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ച പ്രാദേശികവൃത്തങ്ങൾ വെള്ളത്തിലൂടെ കൂടതുൽ രോഗം പകരുന്നത് തടയാൻ വേണ്ട നടപടിയെടുക്കുമെന്നും പറഞ്ഞു.
എന്നാൽ നിഷ്ക്രിയരായ അധികാരികൾക്കെതിരെ ഗ്രാമവാസികൾ പരാതി ഉന്നയിക്കുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഭവം നേരത്തെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധികാരികൾ ചെവികൊടുത്തില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇനിയും ഇത് തുടർന്നാൽ പ്രദേശമാകെ ഞൊടിയിൽ രോഗവ്യാപനമുണ്ടാകുമെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന ബിഹാറിലെ ബക്‌സറിലാണ് നേരത്തെ രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നത്. പല മൃതദേഹങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് നദിയിൽ കാണപ്പെട്ടത്. എന്നാൽ സംഭവം പുറത്ത് വന്നതോടെ ഉത്തര്‍ പ്രദേശും ബിഹാറും തമ്മില്‍ പരസ്പരം പഴിചാരുകയായിരുന്നു.
Adjust Story Font
16