ആശുപത്രിയില്‍ ഇടമില്ല; കോവിഡ് ബാധിതയായ അമ്മയെ പത്ത് ദിവസത്തോളം കാറില്‍ പരിചരിച്ച് സഹോദരങ്ങള്‍
ലഖിംപൂർ ഖേരി സ്വദേശിയായ പരൂളിന്(45) ഡയാലിസിസ് നടത്താനാണ് മക്കളായ പായല്‍(25), ആകാശ്(23) എന്നിവര്‍ ഏപ്രില്‍ 20ന് ലക്നൌവിലെത്തിയത്
ആ രണ്ട് മക്കളെ പെറ്റുവളര്‍ത്താനായതില്‍ പരൂള്‍ സിംഗ് എന്ന അമ്മ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. അമ്മക്ക് ജീവിതം തിരികെ കൊടുത്ത മക്കള്‍..അവരെ എത്ര വാഴ്ത്തിയാലും മതിയാകില്ല. ലക്നൌവിലാണ് സംഭവം. ആശുപത്രിയില്‍ സ്ഥലമില്ലാത്തതിനാല്‍ കോവിഡ് ബാധിതയായ അമ്മയെ പത്ത് ദിവസത്തോളം കാറില്‍ പരിചരിച്ച സഹോദരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നുകൊണ്ടിരിക്കുന്നത്.
ലഖിംപൂർ ഖേരി സ്വദേശിയായ പരൂളിന്(45) ഡയാലിസിസ് നടത്താനാണ് മക്കളായ പായല്‍(25), ആകാശ്(23) എന്നിവര്‍ ഏപ്രില്‍ 20ന് ലക്നൌവിലെത്തിയത്. ചെറിയ പനിയുണ്ടായിരുന്ന പായലിന് പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ കൂടി സംഘടിപ്പിച്ച് കാറില്‍ തന്നെ ഇവര്‍ അമ്മയെ പരിചരിക്കുകയായിരുന്നു.
ആദ്യ ദിവസം കാര്‍ പാര്‍ക്കിംഗിലാണ് ചെലവഴിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം കോവിഡ് പോസിറ്റീവായതിനാല്‍ ഡയാലിസിസ് നടത്താന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. പല സ്വകാര്യ ആശുപത്രികളേയും സമീപിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. ഓക്‌സിന്‍ ലെവല്‍ താഴ്ന്നതോടെ പ്രശ്നം വീണ്ടും വഷളായി. ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ സിലിണ്ടര്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിച്ചപ്പോഴും ഫലമുണ്ടായില്ല. പിന്നീട് സഹോദരങ്ങള്‍ അഞ്ച് ചെറിയ ഓക്സിജന്‍ ക്യാനുകള്‍ 1300 രൂപക്ക് വാടകക്ക് എടുക്കുകയായിരുന്നു. അമ്മയുടെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ ലക്നൌവില്‍ തന്നെ തുടരുകയും ചെയ്തു.
ഓക്‌സിജന്‍ നില മെച്ചപ്പെട്ടതോടെ ഡയാലിസിസ് നടത്താന്‍ സാധിച്ചു. ഇതിനിടയില്‍ ആകാശിന് കോവിഡ് ബാധിച്ചു. തുടര്‍ന്ന് എല്ലാ കാര്യങ്ങളും നോക്കിയത് സഹോദരി പായലായിരുന്നു. നാല് ദിവസങ്ങള്‍ക്കുശേഷം രാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബെഡ് ശരിയായിക്കിട്ടി. ഏപ്രില്‍ 24 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ കോവിഡ് ഭേദമായതിനെ തുടര്‍ന്ന് ഏപ്രില്‍ 30-ന് ഡിസ്ചാര്‍ജ് ചെയ്തു.
Adjust Story Font
16