സിബിഎസ്ഇ പ്ലസ്ടു പരീക്ഷ മൂല്യനിർണയ മാനദണ്ഡങ്ങൾ; മാർഗ്ഗരേഖ നാളെ പുറത്തിറക്കിയേക്കും
ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ സിബിഎസ്ഇ നാളെ പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന. സിബിഎസ്ഇ, ഐസിഎസ്ഇ ബോഡുകൾ ഇതിനകം മാർക്കുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ക്ലാസിലെ പ്രകടനവും നിരന്തര മൂല്യനിർണയവും മാനദണ്ഡമായേക്കും.
മൂല്യനിർണയത്തിന് രണ്ട് മാസം എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഫലപ്രഖ്യാപനം വൈകരുതെന്നും തീയതി ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഓഫ്ലൈൻ പരീക്ഷ ഒഴിവാക്കാൻ സംസ്ഥാന ഹയർസെക്കണ്ടറി ബോഡുകൾക്കും എൻഐഒഎസിനും നിർദേശം നൽകണമെന്ന ആവശ്യവും ഹരജിയിലുണ്ട്. ബദൽ മൂല്യ നിർണയം ആവശ്യപ്പെട്ടുള്ള ഹരജിയായതിനാൽ മൂല്യനിർണയ മാർഗരേഖ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രം നാളെ കോടതിയെ അറിയിച്ചേക്കും.
പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മൂല്യനിർണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ സ്വീകരിച്ചതാണ് മൂന്ന് വർഷത്തെ മാർക്ക് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡം. അങ്ങനെയെങ്കിൽ മൂല്യനിർണയത്തിന് ചുരുങ്ങിയത് രണ്ട് മാസം സമയമെടുത്തേക്കും. സമയബന്ധിതമായി മൂല്യനിർണയം പൂർത്തിയാക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16