യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് കേന്ദ്രം മറച്ചുവയ്ക്കുന്നു; വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി
രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് 'ദ പ്രിന്റ്' നടത്തിയ സർവേയുടെ റിപ്പോർട്ട് പങ്കുവച്ചായിരുന്നു രാഹുൽ ആരോപണമുന്നയിച്ചത്
കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യഥാർത്ഥ കോവിഡ് മരണനിരക്ക് കേന്ദ്രം മറച്ചുവയ്ക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ 'ദ പ്രിന്റ്' നടത്തിയ സർവേയുടെ റിപ്പോർട്ട് പങ്കുവച്ചായിരുന്നു രാഹുൽ ആരോപണമുന്നയിച്ചത്. ആറു സംസ്ഥാനങ്ങളിലായി 15,000 പേർക്കിടയിലാണ് സർവേ നടത്തിയത്. ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി 967 ഗ്രാമീണ നിയമസഭാ മണ്ഡലങ്ങളായിരുന്നു പ്രിന്റ് സർവേക്കായി തിരഞ്ഞെടുത്തത്.
GOI is hiding actual Covid deaths.https://t.co/XDmOzsNuFY
— Rahul Gandhi (@RahulGandhi) June 2, 2021
കോവിഡ് മരണങ്ങൾക്ക് ഉത്തരവാദി മോദി സർക്കാരാണോ സംസ്ഥാന സർക്കാരാനോ അതോ വിധി മാത്രമാണോ എന്നായിരുന്നു സർവേയിലെ പ്രധാന ചോദ്യം. ഇതിൽ 42 ശതമാനം പേരും കുറ്റപ്പെടുത്തിയിരിക്കുന്നത് മോദി സർക്കാരിനെയാണ്. 39 ശതമാനം പേർ വിധിയാണെന്ന് സ്വയം അംഗീകരിക്കുന്നു. 19 ശതമാനം പേർ സംസ്ഥാന സർക്കാരുകളെയും കുറ്റപ്പെടുത്തുന്നു.
ആളുകളുടെ പ്രതികരണം എടുത്തുകാട്ടിയാണ് പുതിയ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി മോദിയാണെന്ന് ദിവസങ്ങൾക്ക് മുൻപും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. എല്ലാവിധ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും മോദി സർക്കാർ പ്രതിച്ഛായ നിർമാണത്തിൽ വ്യാപൃതരായിരുന്നുവെന്നും കോവിഡിനെ ചെറുക്കാൻ മുന്നൊരുക്കമൊന്നും ചെയ്തില്ലെന്നും രാഹുൽ വിമർശിച്ചു.
Adjust Story Font
16