'സംസ്ഥാന പ്രസിഡന്‍റിനെ മാറ്റണം': യു.പി കോണ്‍ഗ്രസില്‍ തുറന്ന യുദ്ധം
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിന് ഉന്നതകുലജാതി വിരുദ്ധ മനോഭാവമാണെന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നല്ലാത്ത മറ്റു നേതാക്കളെ ആരെയും സജീവമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സുനില്‍ റായ് കത്തില്‍ ആരോപിച്ചു
സംസ്ഥാനം 2022 നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തിരിക്കെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ തുറന്ന യുദ്ധം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കത്തയച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി സുനില്‍ റായ് ആണ് അധ്യക്ഷനെതിരെ തുറന്ന യുദ്ധത്തിന് ഇറങ്ങിയത്. അജയ് കുമാര്‍ ലല്ലുവിനെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ലല്ലുവിന്‍റെ നേതൃത്വത്തിലൂടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് നിരവധി സജീവ പ്രവര്‍ത്തകരെയും നേതാക്കളെയും നഷ്ടമായതായും സുനില്‍ റായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിന് സവര്‍ണജാതി വിരുദ്ധ മനോഭാവമാണെന്നും ഒ.ബി.സി വിഭാഗത്തില്‍ നിന്നല്ലാത്ത മറ്റു നേതാക്കളെ ആരെയും സജീവമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സുനില്‍ റായ് കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാനര്‍ വലിച്ചു കീറിയതിന് അജയ് കുമാര്‍ ലല്ലുവിനെതിരെ ആറ് മാസങ്ങള്‍ക്ക് മുമ്പ് താന്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി സുനില്‍റായ് പറയുന്നു. പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരൊന്നിച്ചുള്ള വലിയ ബാനറില്‍ അജയ് കുമാര്‍ ലല്ലുവിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്താതിരുന്നതോടെയാണ് ബാനര്‍ കീറിയെറിഞ്ഞതെന്നാണ് സുനില്‍ റായ്‍യുടെ ആരോപണം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് ഒരു നടപടിയുമെടുത്തില്ലെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സുനില്‍ റായ് ആരോപിച്ച ബാനര്‍ തകര്‍ത്ത വിഷയത്തില്‍ അജയ് കുമാര്‍ ലല്ലുവിന് യാതൊരു പങ്കുമില്ലെന്നും എതിര്‍ പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലുമായിരിക്കും പിന്നിലെന്നും കോണ്‍ഗ്രസുമായ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതെ സമയം ആരോപണങ്ങളില്‍ ഇത് വരെ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചിട്ടില്ല. സുനില്‍ റായ് മാസങ്ങളായി ലല്ലുവിനെ ഉന്നമിട്ടിരിക്കുന്നതാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
Adjust Story Font
16