ഗാസിയാബാദ് സംഭവത്തില്‍ മതവിദ്വേഷം പരത്തുന്ന ട്വീറ്റ്; സ്വര ഭാസ്കറിനും ട്വിറ്റര്‍ മേധാവിക്കുമെതിരെ പരാതി
വയോധികന് മര്‍ദനമേറ്റ സംഭവം വർഗീയവത്കരിച്ച് സാമുദായിക ഭിന്നിപ്പിന് ശ്രമിച്ചുവെന്നാണ് അഭിഭാഷകനായ അമിത് ആചാര്യയുടെ പരാതി.
ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റ് പങ്കുവെച്ചതിന് നടി സ്വരഭാസ്കര്‍, ട്വിറ്റര്‍ ഇന്ത്യയുടെ എം.ഡി മനീഷ് മഹേശ്വരി, മാധ്യമപ്രവര്‍ത്തകായ അര്‍ഫ ഖാനം ഷെര്‍വാണി തുടങ്ങിയവര്‍ക്കെതിരെ പരാതി ലഭിച്ചതായി ഡൽഹി പൊലീസ്. സംഭവത്തിന് സാമുദായിക നിറം നൽകാൻ ശ്രമിച്ചുവെന്നും പൗരൻമാർക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
അഭിഭാഷകനായ അമിത് ആചാര്യയാണ് കഴിഞ്ഞ ദിവസം തിലക് മാർഗ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്. വയോധികനെ ആക്രമിച്ചതിൽ ഹിന്ദു, മുസ്ലിം സമുദായങ്ങളിൽ ഉൾപ്പെട്ടവർ ഉണ്ടായിരുന്നു. എന്നാൽ, സ്വര ഭാസ്കർ ഉൾപ്പെടെയുള്ളവർ അതിനെ വർഗീയവത്കരിച്ച് സാമുദായിക ഭിന്നിപ്പിന് ശ്രമിച്ചുവെന്ന് അമിത് ആചാര്യ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇവരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. അതിനാൽ തന്നെ അവരുടെ ട്വീറ്റുകൾ സമൂഹത്തിൽ പ്രത്യാഘാതം സൃഷ്ടിക്കും. സാമുദായികവശം ഇല്ലെന്നറിഞ്ഞിട്ടും ട്വിറ്റർ മേധാവി മഹേശ്വരി അവ നീക്കം ചെയ്യാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്തുമെന്ന് ഡൽഹി ഡി.സി.പി ദീപക് യാദവ് പറഞ്ഞു. അതേസമയം, യാസിയാബാദ് സംഭവത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് നേരത്തെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസ്.
ജൂൺ അഞ്ചിനാണ് അബ്ദുസമദ് എന്ന വയോധികനെ ഒരു സംഘം ആക്രമിച്ചത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഏതാനും പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മർദിച്ചെന്നുമാണ് അബ്ദുസമദ് പറഞ്ഞത്. എന്നാൽ പ്രവർത്തിക്കാത്ത മന്ത്രത്തകിട് വിറ്റതിനാണ് പ്രതികൾ വയോധികനെ മർദിച്ചതെന്നായിരുന്നു പൊലീസ് വാദം. സംഭവത്തിൽ സാമുദായിക വിവേചനം ഇല്ലെന്നും പൊലീസ് വാദിച്ചിരുന്നു.
Adjust Story Font
16