നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ റദ്ദാക്കി
തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ ഇറങ്ങിയതെന്ന് ആശുപത്രി അധികൃതര്‍
നഴ്സുമാര്‍ മലയാളം സംസാരിക്കരുതെന്ന ഡല്‍ഹി ജി ബി പന്ത് ആശുപത്രിയുടെ വിവാദ സര്‍ക്കുലര്‍ റദ്ദാക്കി. തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ ഇറങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ടാണ് ഇന്നലെ വിവാദ ഉത്തരവ് പുറത്തിറക്കിയത്.
ജി ബി പന്ത് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഉത്തരവ് ഇറക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മറ്റ് ജീവനക്കാർക്കും രോഗികൾക്കും കേരളത്തിൽ നിന്നുള്ള നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറങ്ങിയത്. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
എന്നാല്‍ തങ്ങള്‍ രോഗികളോടും മലയാളം അറിയാത്ത മറ്റ് ജീവനക്കാരോടും ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കാറുള്ളതെന്ന് നഴ്സുമാര്‍ പറഞ്ഞു. മലയാളികള്‍ പരസ്പരം ആശയവിനിമയം നടത്താനും മലയാളം ഉപയോഗിക്കരുതെന്ന് പറയുന്നത് വിവേചനമാണ്. മറ്റ് ഭാഷകള്‍ക്കില്ലാത്ത വിലക്ക് മലയാളത്തിന് മാത്രമായി ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നായിരുന്നു നഴ്സുമാരുടെ ചോദ്യം.
രാഹുല്‍ ഗാന്ധി, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നഴ്സുമാരെ പിന്തുണച്ച് രംഗത്തെത്തി. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മലയാള ഭാഷ വിലക്കിയ നടപടി മൌലികാവകാശങ്ങളുടെ ലംഘനമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു- "ജനാധിപത്യ ഇന്ത്യയിൽ ഒരു സർക്കാർ സ്ഥാപനത്തില്‍ നഴ്‌സുമാരോട് അവരുടെ മാതൃഭാഷയിൽ സംസാരിക്കരുതെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാനാവില്ല. മനസ്സിനെ വല്ലാതെ അലട്ടുന്നു. ഇത് അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണ്. ഇത് കാലഹരണപ്പെട്ട ശാസനയാണ്".
ആശുപത്രിയുടെ വിവാദ സര്‍ക്കുലറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ തുടങ്ങി. ഉത്തരവിനെതിരെ നഴ്സുമാര്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചത്.
Adjust Story Font
16