ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു; ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കള്‍
ഐ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതിനാലാണ് ബന്ധുക്കള്‍ പ്രകോപിതരായത്.
കോവിഡ് രണ്ടാം തരംഗം രാജ്യതലസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ നിരവധി പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്നത്. ഇത് ബന്ധുക്കളെ പ്രകോപിപ്പിക്കുകയും ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു സംഭവമാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നടന്നത്.
കിടക്കകളുടെ അഭാവം കാരണം ഐ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതില്‍ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടർമാരെയും നഴ്സുമാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇന്നു രാവിലെയായിരുന്നു സംഭവം.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിങ്കളാഴ്ച രാത്രിയാണ്. രാവിലെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐ.സി.യുവിലേക്ക് മാറ്റാനായില്ല. തുടര്‍ന്ന് ഇവർ മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെയാണ് നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിച്ചത്.
സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ സുരക്ഷാജീവനക്കാരും പൊലീസും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അക്രമത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16