കോവിഷീല്‍ഡ് ഇന്ത്യയില്‍ നിന്ന് ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില
പൗരന്മാര്‍ക്കു സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കുന്ന പശ്ചാത്തലത്തിലാണ്, വാക്‌സിന്‍ വില താരതമ്യം ചെയ്തുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്
സ്വകാര്യ ആശുപത്രികള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്നു റിപ്പോര്‍ട്ട്. ഡോസിന് അറുന്നൂറു രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്കു വാക്‌സിന്‍ നല്‍കുമെന്നാണ് സെറം അറിയിച്ചിട്ടുള്ളത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന ഒരു ഡോസിന് 600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്‌സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ എടുക്കുന്നവരും ഒരു ഡോസിന് 400 രൂപ (5.30 ഡോളറില്‍ കൂടുതല്‍) നല്‍കണം.
സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 400 രൂപ എന്നതുപോലും യു.എസ്., യു.കെ., യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്‌സിന്‍ വാങ്ങുന്നതിനായി ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കരാറിലേർപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ആശുപത്രികള്‍ക്കു സെറം ഇന്‍സ്റ്റിറ്റൂട്ട് നിശ്ചയിച്ച വില എട്ടു ഡോളറോളം വരും. സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിശ്ചയിച്ചിട്ടുള്ളത് അഞ്ചര ഡോളറിനു മുകളില്‍. അമേരിക്കയില്‍ ഒരു ഡോസ് വാക്‌സിന് നല്‍കേണ്ടത് നാലു ഡോളര്‍ (ഏകദേശം 300 രൂപ) മാത്രമാണ്. ബ്രിട്ടനില്‍ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ നാലു ഡോളറി(ഏകദേശം 300 രൂപ)നാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയില്‍ ഒരു ഡോസ് വാക്‌സിന്റെ വില അഞ്ചേകാല്‍(ഏകദേശം 395 രൂപ) ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്ക്കു വാക്‌സിന്‍ കിട്ടും.
പൗരന്മാര്‍ക്കു സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കുന്ന പശ്ചാത്തലത്തിലാണ്, വാക്‌സിന്‍ വില താരതമ്യം ചെയ്തുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Adjust Story Font
16