Quantcast

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം; സംഘ്പരിവാർ ഇടപെടൽ ആശങ്കപ്പെടുത്തുന്നതെന്ന് കോൺഗ്രസും ലീഗും

പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തെഴുതി

MediaOne Logo

Web Desk

  • Updated:

    2021-05-23 15:19:17.0

Published:

23 May 2021 3:13 PM GMT

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം; സംഘ്പരിവാർ ഇടപെടൽ ആശങ്കപ്പെടുത്തുന്നതെന്ന് കോൺഗ്രസും ലീഗും
X

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും സംഘ്പരിവാർ നീക്കങ്ങൾക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഎം, കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കൾ പുതിയ നീക്കങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തെഴുതി. ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സർക്കാർ നീക്കങ്ങൾക്കു പിന്നിൽ സംഘപരിവാരത്തിന്റെ അജണ്ടകളാണെന്ന് കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ, വിടി ബൽറാം, മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി എന്നിവർ ആരോപിച്ചു.

അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; ജനവിരുദ്ധ തീരുമാനങ്ങള്‍ റദ്ദാക്കണം: എളമരം കരീം എംപി


രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തുനൽകി. 99 ശതമാനവും മുസ്‌ലിംകൾ ജീവിക്കുന്ന ദ്വീപിൽ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ചുമതലയേറ്റെടുത്ത ഉടൻതന്നെ കോവിഡ് പ്രതിരോധത്തിനായി ദ്വീപിൽ നിലവിലുണ്ടായിരുന്ന എസ്ഒപി മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുമാണ് അദ്ദേഹം ചെയ്തത്. 2020 അവസാനം വരെ ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ കോവിഡ് വളരെ വേഗം പടർന്നുപിടിക്കാൻ കാരണം ആശാസ്ത്രീയമായ ഈ തീരുമാനമാണ് എന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. ദ്വീപ് നിവാസികളുടെ ഭക്ഷണശീലങ്ങളും വരുമാന മാർഗ്ഗവും ലക്ഷ്യംവച്ച് ദ്വീപിൽ ഗോവധ നിരോധനം നടപ്പാക്കാനും തീരുമാനമെടുക്കുകയുണ്ടായി. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം ഒരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. മദ്യം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുകളയുകയുണ്ടായി.

ദ്വീപിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികൾ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പിൽ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാർഷികവകുപ്പ് എന്നിവയിൽനിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാർക്കിടയിൽ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാർഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികൾ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്ട്രേഷൻ പൊളിച്ചുമാറ്റുകയാണുണ്ടായത്. നേരത്തെയുണ്ടായിരുന്ന അഡ്മിനിസ്ട്രേഷൻ മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകിയ ഇളവനുസരിച്ച് നിർമിച്ച താത്കാലിക കെട്ടിടങ്ങളാണ് ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കിയത്. വലിയ നഷ്ടങ്ങളാണ് ഇത് മൂലം തൊഴിലാളികൾക്കുണ്ടായത്.

ദ്വീപുകാർ വർഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതൽ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷൻ കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമർശനം ഉയരുന്നുണ്ട്. ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്‌ട്രേട്ടറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ നിലവിൽ വന്ന മുഴുവൻ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.

ദ്വീപില്‍ ബിജെപി വിഷവിത്ത് പാകുന്നു: ഇടി മുഹമ്മദ് ബഷീര്‍ എംപി


ശാന്ത സുന്ദരമായിരുന്ന ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. 99 ശതമാനത്തിലധികം മുസ്ലിം സമൂഹം താമസിക്കുന്ന ദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബിജെപി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് ഏൽപിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയവത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.

ഇപ്പോൾ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രധിഷേധ സ്വരങ്ങളെ അമർച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് അവർ കരുതുന്നു. ദ്വീപിന് എപ്പോഴും ഒരു നിഷ്‌കളങ്ക മുഖമുണ്ട്. അതിമഹത്തായ ഒരു ചരിത്ര സാംസ്‌കാരിക പൈതൃകവുമുണ്ട്. അത് തകർക്കുന്ന ബദ്ധപ്പാടിലാണ് ഭരണകൂടം.

99 ശതമാനം മുസ്ലിം സമൂഹം താമസിക്കുന്ന അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുതുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അംഗനവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ അടക്കം പിരിച്ചുവിടലിന് വിധേയരായി. മത്സ്യബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാർഗം. മത്സ്യ തൊഴിലാളികൾക്ക് നേരെ ഓരോ ഹേതു പറഞ്ഞു കേസെടുക്കുന്നതും പതിവായിട്ടുണ്ട്. അവർക്ക് സാധനങ്ങൾ വാങ്ങാൻ കരയിൽ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂർ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂർത്തിയായി വരുന്നു.

ലക്ഷദ്വീപിൽ പാമ്പുകൾ തീരെ ഇല്ല, കാക്കയും ഇല്ല. എന്നാൽ പാമ്പുകൾ വമിച്ചാൽ ഉണ്ടാകുന്ന വിഷത്തേക്കാൾ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വർഗീയ വിഷവ്യാപനമാണ് ഇപ്പോൾ അവിടെ നടന്നുവരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. ഗവണ്മെന്റ് അടിയന്തരമായും ഈ തെറ്റ് തിരുത്തണം. അഡിമിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഇടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സംഘപരിവാര്‍ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയിൽ ചെറുത്തുതോൽപ്പിക്കണം: ടിഎന്‍ പ്രതാപന്‍ എംപി


ലക്ഷദ്വീപിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. സിവിൽ സർവീസ് പരിചയമില്ലാത്ത പ്രഫുൽ പട്ടേൽ എന്ന മോദി ആശ്രിതൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണ്. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ദ്വീപ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.

നിലനിന്നിരുന്ന കൃത്യതയുള്ള കോവിഡ് മാനേജ്മെന്റിനെ അട്ടിമറിച്ചതിലൂടെ ഗുരുതരമായ സാമൂഹിക സാഹചര്യത്തിലേക്ക് ദ്വീപിലെ ജനങ്ങൾ എത്തിയിരിക്കുന്നു. ദിനേന വളരെയധികം കേസുകളും മരണങ്ങളും സംഭവിക്കുന്നതായി വാർത്തകൾ വരുന്നു. ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല. അവരുടെ ഭക്ഷണം, സംസ്‌കാരം മറ്റ് ആചാരാനുഷ്ഠാനങ്ങൾ എന്നിവ തകിടം മറിക്കുന്ന നയം അധിനിവേശമാണെന്നതിൽ സംശയമില്ല. പല അർത്ഥത്തിലും ദ്വീപ് ജനത ഗോത്ര സമൂഹം എന്ന നിലക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഗോത്ര സമൂഹങ്ങളുടെ തനത് ജീവിത ശൈലിക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ ക്ഷേമ സങ്കൽപ്പങ്ങൾക്ക് ഭൂഷണമല്ല.

ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സർക്കാർ നീക്കങ്ങളിൽ സംഘപരിവാരത്തിന്റെ ദുഷ്ടലാക്കുണ്ട് എന്ന ആരോപണങ്ങൾ ശക്തമാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനാധിപത്യപരമായ രീതിയിൽ ചെറുത്തുതോൽപ്പിക്കണം.

കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടണം: വിടി ബൽറാം


കേരളത്തിന്റെ അയൽപക്കത്ത് ഭാഷാപരമായും സാംസ്‌ക്കാരികമായും വളരെയടുപ്പം പുലർത്തുന്ന നാടാണ് ലക്ഷദ്വീപ്. അവിടത്തുകാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത പഠനത്തിനെത്തുന്നതും ഇങ്ങോട്ടാണ്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ്പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ട്. കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്്‌ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണല്ലോ.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്‌ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, എല്ലാ ജീവിതവ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും ഇക്കാര്യത്തിൽ സജീവവും ആത്മാർത്ഥവുമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

TAGS :

Next Story