ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അംഗീകാരം
2-ഡിജി എന്ന പേരിലുള്ള മരുന്ന് രാജ്യത്ത് കോവിഡ് ചികിത്സയ്ക്കായി അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി
കോവിഡ് ചികിത്സയ്ക്കായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) വികസിപ്പിച്ച മരുന്നിന് കേന്ദ്രത്തിന്റെ അംഗീകാരം. 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ്-2-ഡി ജി എന്ന മരുന്ന് രാജ്യത്ത് കോവിഡ് രോഗികൾക്ക് അടിയന്തരമായി ഉപയോഗിക്കാനാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നൽകിയിരിക്കുന്നത്.
ഹൈദരാബാദിലെ ഡോ. റെഡ്ഡി ലബോറട്ടറീസുമായി ചേർന്നാണ് ഡിആർഡിഒ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലീഡ് സയൻസസ്(ഇൻമാസ്) മരുന്ന് വികസിപ്പിച്ചത്. പൊടി രൂപത്തിലുള്ളതാണ് മരുന്ന്. വെള്ളത്തിൽ അലിയിപ്പിച്ചാണ് ഇത് കഴിക്കേണ്ടത്. മരുന്നിൽ അടങ്ങിയ സൂക്ഷ്മാണു കോവിഡ് രോഗിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ പെട്ടെന്നുതന്നെ വൈറസ് വ്യാപനം തടയുകയും രോഗമുക്തി സംഭവിക്കുകയും ചെയ്യുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇതിനു പുറമെ കൃത്രിമ ഓക്‌സിജനെ ആശ്രയിക്കേണ്ട സാഹചര്യവും കുറയും. മരുന്ന് പരീക്ഷിച്ച രോഗികളിൽ വേഗത്തിൽ രോഗമുക്തിയുണ്ടായിട്ടുണ്ട്. ആർടിപിസിആർ ടെസ്റ്റിൽ പെട്ടെന്നു തന്നെ ഇവർക്ക് കോവിഡ് നെഗറ്റീവായി.
2020 ഏപ്രിലിൽ കോവിഡിന്റെ ആദ്യ തരംഗത്തിനിടെയാണ് ഇൻമാസ്-ഡിആർഡിഒ ശസ്ത്രജ്ഞർ ചേർന്ന് ലബോറട്ടറികളിൽ മരുന്ന് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. ആദ്യ പരീക്ഷണത്തിൽ മരുന്ന് സാർസ് അടക്കമുള്ള വൈറസുകൾക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി. പിന്നീട് 2020 മെയ് മുതൽ മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണവും ആരംഭിച്ചു. മെയ്-ഒക്ടോബർ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് ആശുപത്രികളിലായി നടത്തിയ 2-ഡിജി മരുന്നു പരീക്ഷണത്തിൽ കോവിഡ് രോഗികളിൽ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞു. 110 രോഗികളിലായിരുന്നു പരീക്ഷണം.
An anti-COVID-19 therapeutic application of the drug 2-deoxy-D-glucose (2-DG) has been developed by INMAS, a lab of DRDO, in collaboration with Dr Reddy's Laboratories, Hyderabad. The drug will help in faster recovery of Covid-19 patients. https://t.co/HBKdAnZCCP pic.twitter.com/8D6TDdcoI7
— DRDO (@DRDO_India) May 8, 2021
ഇതോടെ മൂന്നാം ഘട്ട പരീക്ഷണത്തിനും ഡിസിജിഐ അനുമതി നൽകുകയും 2020 ഡിസംബർ മുതൽ കഴിഞ്ഞ മാർച്ച് വരെയായി 220 കോവിഡ് രോഗികളിൽ മരുന്ന് പരീക്ഷിക്കുകയും ചെയ്തു. ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള 27 ആശുപത്രികളിലായിരുന്നു മൂന്നാംഘട്ട പരീക്ഷണം നടന്നത്. ഇതും വിജയകരമായതിന്‍റെ വിശദമായ റിപ്പോര്‍ട്ട് സമർപ്പിച്ചതോടെയാണ് മരുന്ന് രാജ്യത്ത് ഉപയോഗിക്കാൻ ഡിസിജിഐ അംഗീകാരം നൽകിയത്.
മരുന്ന് കോവിഡ് രോഗികൾക്ക് വലിയ തോതിൽ ഗുണകരമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.
Adjust Story Font
16