Quantcast

"നദികളില്‍ എണ്ണമറ്റ മൃതദേഹങ്ങള്‍, ആശുപത്രികളില്‍ മൈലുകളോളം ക്യൂ, എന്നിട്ടും മോദി കാണുന്നത് സെന്‍ട്രല്‍ വിസ്ത മാത്രം": രാഹുല്‍ ഗാന്ധി

സെന്‍ട്രല്‍ വിസ്തയല്ലാതെ മറ്റൊന്നും കാണാത്ത കണ്ണട പ്രധാനമന്ത്രി ഊരിമാറ്റണമെന്നും രാഹുല്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 May 2021 12:12 PM GMT

നദികളില്‍ എണ്ണമറ്റ മൃതദേഹങ്ങള്‍, ആശുപത്രികളില്‍ മൈലുകളോളം ക്യൂ, എന്നിട്ടും മോദി കാണുന്നത് സെന്‍ട്രല്‍ വിസ്ത മാത്രം: രാഹുല്‍ ഗാന്ധി
X

രാജ്യത്ത് നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ കണ്ണട എടുത്തു മാറ്റൂ എന്നാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

''നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ. ജീവൻ രക്ഷിക്കാനുള്ള അവകാശങ്ങൾ വരെ എടുത്തുമാറ്റി. സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ കണ്ണട എടുത്തു മാറ്റൂ," രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴി‍ഞ്ഞ ദിവസം ബീഹാറിലെ ബക്സറിൽ ഗംഗാതീരത്ത് നൂറുകണക്കിന് മൃതദേഹങ്ങൾ അടിഞ്ഞിരുന്നു. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പരാമര്‍ശിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണിതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. ഹാമിർപൂരിലും യമുന നദിയിൽ പാതികത്തിയ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ ഒളിക്കുന്നതിന്‍റെ തെളിവാണിതെന്നായിരുന്നു സംഭവത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം.

അതേസമയം, സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം രംഗത്തു വരുന്നുണ്ട്. രാജ്യത്തിന് ആവശ്യം ജീവശ്വാസമാണെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രതികരിച്ചത്. കോടികള്‍ മുടക്കിയുള്ള പദ്ധതി ക്രിമിനല്‍ പാഴ്‌ച്ചെലവാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നൽകുന്നതിനു പകരം ഇത്തരം പദ്ധതികൾ നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കുറ്റപ്പെടുത്തിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്ന പണം കോടിക്കണക്കിന് വാക്സിന്‍ ഡോസുകള്‍ വാങ്ങാനും രാജ്യത്തെ ആരോഗ്യസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉപയോഗിക്കാമെന്നായിരുന്നു പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

TAGS :

Next Story