ഡൽഹിയിൽ ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടി
തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ല.
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്, അതിനാല്‍ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ്രിവാൾ പറഞ്ഞു. വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളും ഓക്സിജൻ ലഭ്യതയുള്ള കിടക്കകളുടെ എണ്ണവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.
കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20നാണ് ഡൽഹി സർക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറു ദിവസത്തിനിടെ 20,000 പേർക്കാണ് രാജ്യതലസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 17,364 പുതിയ കോവിഡ് കേസുകളും 332 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Adjust Story Font
16