''ഞങ്ങള്‍ നിസ്സഹായരാണ്, ഇതുപോലൊരു സാഹചര്യം മുന്‍പുണ്ടായിട്ടില്ല'' പൊട്ടിക്കരഞ്ഞ് മുംബൈ ഡോക്ടര്‍
എല്ലാം ഡോക്ടര്‍മാരെയും പോലെ ഞാനും പ്രശ്നത്തിലാണ്. എന്തു ചെയ്യണമെന്ന് അറിയില്ല
കോവിഡ് അതിന്‍റെ രണ്ടാം സംഹാരം തുടങ്ങിയിരിക്കുന്നു. ആടിയുലയുകയാണ് ലോകരാജ്യങ്ങള്‍. രോഗികള്‍ക്ക് ആവശ്യമായ സൌകര്യങ്ങളൊരുക്കാന്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഓക്സിജനില്ല, ബെഡുകളില്ല..കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു.. മിക്ക ഉത്തരേന്ത്യന്‍ ആശുപത്രികളുടെയും അവസ്ഥ ഇതാണ്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുന്നു.
ഇതുപോലൊരു അവസ്ഥ മുന്‍പുണ്ടായിട്ടില്ലെന്ന് പറയുകയാണ് മുംബൈയിലെ ഡോക്ടറായ തൃപ്തി ഗിലാഡ. ''ഇതു പോലൊരു അവസ്ഥ മുന്‍പുണ്ടായിട്ടില്ല, ഞങ്ങള്‍ നിസ്സഹായരാണ്. ആളുകള്‍ പരിഭ്രാന്തരാണ്'' പൊട്ടിക്കരഞ്ഞുകൊണ്ട് തൃപ്തി പറയുന്നു. കിടക്കകളുടെ അഭാവം, ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പുതിയ കേസുകൾ, വാക്സിനുകളുടെ അഭാവം, റെംഡെസിവിർ പോലുള്ള നിർണായക മരുന്നുകൾ, ഓക്സിജൻ പ്രതിസന്ധി തുടങ്ങിയവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്ന് തൃപ്തി പറഞ്ഞു.
''എല്ലാം ഡോക്ടര്‍മാരെയും പോലെ ഞാനും പ്രശ്നത്തിലാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. എന്‍റെ ഹൃദയം ചിലപ്പോള്‍ തകര്‍ന്നുപോയേക്കാം. എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ, എനിക്ക് കൂടുതൽ സമാധാനമുണ്ടാകും'' തൃപ്തി പങ്കുവച്ച അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. ഞങ്ങള്‍ക്ക് നിരവധി രോഗികളെ പരിചരിക്കേണ്ടതുണ്ട്. കിടക്കകളില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ വീട്ടിലാണ് ചികിത്സിക്കുന്നത്. ഇത് ഞങ്ങളെ കൂടുതല്‍ വിഷമത്തിലാക്കുന്നു. നിങ്ങള്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെങ്കില്‍, രോഗം ബാധിച്ച ശേഷം നിങ്ങള്‍ സുഖം പ്രാപിച്ചെങ്കില്‍ ദയവായി സുരക്ഷിതരായി തുടരുക. നിങ്ങള്‍ ഒരു സൂപ്പര്‍ഹീറോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധ ശേഷിയുണ്ട് എന്ന ആത്മവിശ്വാസം വേണ്ട. അത് തെറ്റായ ചിന്തയാണ്. നിരവധി ചെറുപ്പക്കാര്‍ക്ക് രോഗം ബാധിക്കുന്നത് ഞങ്ങള്‍ കണ്ടു, അവരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാറില്ല..തൃപ്തി വീഡിയോയില്‍ പറയുന്നു.
എല്ലായിടത്തും കോവിഡ് ഉണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തുപോകാതിരിക്കുക. പുറത്തു പോകുമ്പോള്‍ മാസ്ക് ധരിക്കുക. നിങ്ങൾ എന്തിനാണ് പുറത്തു പോകുന്നത് എന്നത് പ്രശ്നമല്ല. പക്ഷേ നിങ്ങൾ മാസ്കുകള്‍ ധരിക്കണം, കൂടാതെ നിങ്ങളുടെ മൂക്ക് പൂർണ്ണമായും മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക..തൃപ്തി വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
നിങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ പരിഭ്രമിക്കരുത്. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടുക. പരിമിതികളുണ്ടെങ്കിലും ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കാന്‍ കുറച്ചു കിടക്കകള്‍ ഇപ്പോഴുമുണ്ട്. അല്ലെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ പോവുക, ഡോക്ടറുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുക. ഇത്തരം സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന ഒരേയൊരു ഡോക്ടര്‍ താനല്ലെന്നും തൃപ്തി പറയുന്നുണ്ട്. വാക്സിന്‍റെ പ്രാധാന്യത്തെക്കുറിച്ചും തൃപ്തി വീഡിയോയില്‍ പറയുന്നുണ്ട്.
Adjust Story Font
16