തെരുവു നായകൾ കടിച്ച് വലിക്കുന്ന മൃതദേഹങ്ങൾ: ഉത്തരേന്ത്യയിൽ നിന്നും വീണ്ടും ഭീകര ദൃശ്യങ്ങൾ
ഉത്തരാഖണ്ഡിലെ കേദാർ ഘട്ടിലാണ് കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ തെരുവ് നായകള്‍ കടിച്ച് വലിച്ചത്.
കോവിഡ് ഭീകരത വെളിപ്പെടുത്തി ഉത്തരേന്ത്യയിൽ നിന്ന് വീണ്ടും വീഡിയോ ദൃശ്യങ്ങൾ. ഉത്തരാഖണ്ഡിലെ ഭഗീരഥി നദിക്കരയിൽ വന്നടിഞ്ഞ മൃതശരീരങ്ങൾ തെരുവ് നായകൾ കടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഉത്തരാഖണ്ഡിലെ കേദാർ ഘട്ടിലാണ് കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ തെരുവ് നായകള്‍ കടിച്ച് വലിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് നദിക്കരയിൽ അടിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോർട്ട് ചെയ്തു. പാതി കത്തിച്ച മൃതദേഹങ്ങളും കൂട്ടത്തിലുണ്ടെന്നും ഇത് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേദാർ ഘട്ടിൽ കോവിഡ് മരണ കൂടുതലായിരുന്നുവെന്ന് നഗരസഭ അധ്യക്ഷൻ രമേശ് സെംവാൾ പറഞ്ഞു. നേരത്തെ, യു.പിയിലും ബിഹാറിലും സമാന രീതിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഗംഗാ തീരത്ത് അടിഞ്ഞത് ദേശീയ ശ്രദ്ധ നേടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതെ ബന്ധുക്കൾ ഗംഗയിൽ തള്ളുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ശവശരീങ്ങൾ നദിയിൽ തള്ളുന്നതിനെതിരെ സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്ന് കേന്ദ്രം നിർദേശം നൽകുകയായിരുന്നു.
അതിനിടെ, 1156 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ 3,29,494 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
Adjust Story Font
16